03 August, 2023 12:01:06 PM


കേസിൽ നിന്ന് ഒഴിവാക്കാൻ 10 ലക്ഷം രൂപ കൈക്കൂലി; കർണാടക പൊലീസിനെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു



കൊച്ചി: കേസിൽ നിന്ന് ഒഴിവാക്കാൻ പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ തട്ടിയ സിഐ ഉൾപ്പെടെ മൂന്ന് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക പോലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് കളമശ്ശേരി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. പണം വാങ്ങിയശേഷം പ്രതികളിൽ ഒരാളായ അഖിലിനെ വഴിയിൽ ഇറക്കി വിട്ടതായാണ് പരാതി.

സാമ്പത്തിക തട്ടിപ്പ് കേസിലാണ് മലയാളികളായ അഖിൽ, നിഖിൽ എന്നിവരെ കർണാടക വൈറ്റ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. 26 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ കേസിൽ നിന്ന് ഒഴിവാക്കാൻ കർണാടക പൊലീസ് ഇവരോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ കർണാടക പൊലീസ് സംഘം കൈക്കലാക്കുകയും ചെയ്തു. ഇതേത്തുടർന്ന് അഖിൽ കളമശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വച്ച് കളമശ്ശേരി പോലീസ് കർണാടക പോലീസിനെ പിടികൂടുകയായിരുന്നു.

വൈറ്റ് ഫോർട്ട് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ശിവണ്ണ, സന്ദേശ്, വിജയകുമാർ എന്നീ പോലീസുകാരാണ് കസ്റ്റഡിയിലുള്ളത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K