01 August, 2023 05:07:54 PM
കിണറ്റിലകപ്പെട്ട് മരിച്ച മഹാരാജന്‍റെ കുടുംബത്തിന് ധനസഹായവുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം മുക്കോലയിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട് മരിച്ച തൊഴിലാളി മഹാരാജന്‍റെ കുടുംബത്തിനുള്ള സഹായധനം തൊഴിൽ മന്ത്രി വി. ശിവൻകുട്ടി കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി - 2010 പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന ധനസഹായത്തുകയാണ് കൈമാറിയത്. 2 ലക്ഷം രൂപയുടെ ചെക്ക് മഹാരാജന്‍റെ ഭാര്യ സെൽവിക്ക് മന്ത്രി കൈമാറി.
തിരുവനന്തപുരം എം ജി എം പബ്ലിക് സ്കൂളിന്‍റെ നല്ല പാഠം പദ്ധതിയുമായി ചേർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മഹാരാജന്‍റെ കുടുംബത്തിനായി പുതുക്കിപ്പണിഞ്ഞ വീടിന്‍റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ എം. വിൻസെന്‍റ് എം.എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ്‌കുമാർ, അഡീഷണൽ ലേബർ കമ്മീഷണർ കെ. എം. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
തമിഴ്‌നാട് തോവാളക്കടുത്ത് പെരുമാൾപുരം സ്വദേശിയായ വെങ്ങാനൂർ നീലകേശിറോഡ് നെല്ലിയറത്തലയിൽ മഹാരാജൻ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് അടിയിൽപ്പെടുകയായിരുന്നു. ജൂലൈ 8നാണ് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇയാൾ കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് മഹാരാജ് അപകടത്തിൽപ്പെട്ടത്.
90 അടി താഴ്ചയുള്ള കിണറായിരുന്നു മഹാരാജന്‍ അകപ്പെട്ടത്. മൂന്ന് ദിവസത്തെ രാവും പകലും ഇല്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് മഹാരാജിന്‍റെ മൃതദേഹം പുറത്തെത്തിക്കാന്‍ സാധിച്ചത്. മഹാരാജന്‍റെ മൃതദേഹം സംസ്കരിക്കാൻ വീട്ടുവളപ്പിൽ സ്ഥലമില്ലാതെ വന്നതോടെ മഹാരാജൻ നേരത്തെ താമസിച്ച ഒറ്റമുറി ചായ്പ്പിൽ തന്നെയാണ് അന്ത്യവിശ്രമം ഒരുക്കിയത്.