27 July, 2023 03:29:18 PM
മണിപ്പൂർ സന്ദർശിക്കാൻ 'ഇന്ത്യ'; പാർലമെന്‍റിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷം
ന്യൂഡൽഹി: വംശീയ കലാപം തുടരുന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' യുടെ പാർലമെന്‍റ് പ്രതിനിധികൾ. 29,30 തീയതികളിലാണ് ഇരുപതിലേറെ വരുന്ന സംഘം മണിപ്പൂരിലേക്ക് തിരിക്കുക. സംസ്ഥാനത്തെ നിലവിലത്തെ സാഹചര്യം നേരിട്ട് മനസിലാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ലോക്സഭാ കോൺഗ്രസ് വിപ്പ് മാണിക്യം ടാഗോർ അറിയിച്ചു. മണിപ്പൂരിലേക്ക് പോവാൻ മുൻപും പ്രതിപക്ഷം ശ്രമിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണിപ്പൂർ വിഷയത്തിൽ കേന്ദ്രം തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് സഭയിൽ കറുപ്പണിഞ്ഞാണ് എത്തിയത്. രാവിലെ സഭാ സമ്മേളനത്തിനു മുൻപായി പ്രതിപക്ഷ നേതാക്കൾ മല്ലികാർജുൻ ഖാർഗെയുടെ ചേമ്പറിൽ കൂടിയാലോചന നടത്തിയിരുന്നു. മോദി വിഷയത്തിൽ പ്രതികരണം നടത്തണമെന്നാരോപിച്ച് പ്രതിപഷ പ്രതിഷേധം തുടരുകയാണ്.