20 July, 2023 08:25:02 AM
ജനനായകന്റെ അന്ത്യയാത്ര 24 മണിക്കൂർ പിന്നിട്ട് ജന്മനാട്ടിലേക്ക്: ജനസാഗരമായി അക്ഷരനഗരം
കോട്ടയം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 24 മണിക്കൂർ പിന്നിട്ടു. ചിങ്ങവനവും കഴിഞ്ഞ് ജന്മനാടായ പുതുപ്പള്ളിയിലേക്ക് നീങ്ങുകയാണ്. പുതുപ്പള്ളിയിലും കോട്ടയം തിരുനക്കര മൈതാനത്തും രാവിലെ മുതൽ ആളുകൾ പ്രിയനേതാവിനെ അവസാനമായി കാണാനായി കാത്തുനിൽക്കുകയാണ്.
ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തെ ജഗതിയില്‍ നിന്നും ആരംഭിച്ച വിലാപയാത്ര വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ചിങ്ങവനത്തെത്തിയത്. തിരുനക്കരയിലേക്ക് ഇനി എട്ടു കിലോമീറ്റർ മാത്രമാണ് ദൂരം. എന്നാൽ പ്രിയനേതാവിനെ ഒരിക്കൽകൂടി കാണാൻ ജനസാഗരം ഒഴുകിയെത്തുന്നതോടെ കിലോമീറ്ററുകൾക്ക് ദൂരം കൂടുകയാണ്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി. ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര മണിക്കൂറുകൾ വൈകിയിട്ടും, വെയിലും മഴയും മാറിമാറി വന്നിട്ടും പതിനായിരങ്ങളാണ് ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ കാത്തു നിൽക്കുന്നത്.
എംസി റോഡിനിരുവശവും ജനങ്ങൾ ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ ഇപ്പോഴും കാത്തുനിൽക്കുകയാണ് ജനങ്ങൾ. ജനസന്പർക്ക പരിപാടിയിൽ ഉൗണും ഉറക്കവും ഉപേക്ഷിച്ച് തങ്ങളെ കേട്ടിരുന്ന പ്രിയ നേതാവിനെ അവസാനമായി കാണാൻ ഉരുകുന്ന വെയിലിലും ഉച്ചച്ചൂടിലും കാത്തു നിൽക്കാൻ അവർക്ക് മടിയില്ലായിരുന്നു.
കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് വെച്ച ശേഷം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ ഉച്ചയ്ക്ക് 3.30-ന് സംസ്കരിക്കും. പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം പുതുപ്പള്ളി കവലയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലാണ് തുടര്‍ന്നുള്ള പൊതുദര്‍ശനം. ഇന്നുച്ചയ്ക്ക് 12നു സംസ്കാര ശുശ്രൂഷകള്‍ വീട്ടില്‍ ആരംഭിക്കും.
കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഇതര ക്രൈസ്തവ സഭകളിലെ മെത്രാപ്പോലീത്തമാരും ബിഷപ്പുമാരും സഹകാര്‍മികത്വം വഹിക്കും. ഒരുമണിക്കു പള്ളിയിലേക്കു വിലാപയാത്ര. പുതുപ്പള്ളി കവല, അങ്ങാടി വഴി പള്ളിമുറ്റത്തേക്കു പ്രവേശിക്കും. പള്ളിയുടെ വടക്കുവശത്ത് പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലില്‍ രണ്ടു മുതല്‍ 3.30 വരെ പൊതുദര്‍ശനം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള, സീറോ മലബാർ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത തുടങ്ങിയവർ പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും.
3.30നു സമാപനശുശ്രൂഷകള്‍ ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. പുതുപ്പള്ളി പള്ളി വികാരി ഫാ. വര്‍ഗീസ് വര്‍ഗീസ് നേതൃത്വം നല്‍കും. 4.30ന് അനുശോചനയോഗം. പള്ളിയുടെ കിഴക്കുവടക്കായി വൈദികരുടെ കബറിടത്തിനുസമീപം പുതിയ കല്ലറയിലാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യനിദ്ര.
ഔദ്യോഗിക ബഹുമതികളില്ലാതെ സംസ്കാരം
തിരുവനന്തപുരം: ഔദ്യോഗിക ബഹുമതികളില്ലാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരം. ഔദ്യോഗിക ബഹുമതികളൊന്നും സ്വീകരിക്കാതെ സംസ്കാരച്ചടങ്ങു നടത്തണമെന്ന ആഗ്രഹം ഉമ്മൻ ചാണ്ടി പ്രകടിപ്പിച്ചിരുന്നെന്ന് കുടുംബം അറിയിച്ച സാഹചര്യത്തിലാണിത്.