18 July, 2023 05:02:06 PM
ആദ്യനിയമനത്തിൽ തന്നെ കൈക്കൂലി; സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ
ഹസാരിബാഗ്: ആദ്യ നിയമനത്തില്‍ തന്നെ കൈക്കൂലി വാങ്ങിയ വനിതാ ജീവനക്കാരി പിടിയില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം. സഹകരണ വിഭാഗം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ആയി നിയമിതയായ മിതാലി ശര്‍മ എന്ന ജീവനക്കാരിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ഹസാരിബാഗ് അഴിമതി വിരുദ്ധ ബ്യൂറോയാണ് മിതാലിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ പിടിയിലാവുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഉദ്യോഗസ്ഥ നേരിടുന്നത്.
കൊഡേര്‍മ വ്യാപാര സമിതിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മിതാലി ഇവിടെ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇത് മറച്ച് വയ്ക്കാനും സംഘത്തിനെതിരെ നടപടി ഒഴിവാക്കാനുമായി കൈക്കൂലിയായി 20000 രൂപ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സംഘത്തിലെ ഒരു അംഗം ഇത് അഴിമതി വിരുദ്ധ സ്ക്വാഡിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ കൈക്കൂലി ആവശ്യപ്പെട്ടതായി വിശദമായിരുന്നു.
ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയെ കുരുക്കാനായുള്ള നടപടി ആരംഭിച്ചത്. ജൂലൈ 7 ന് കൈക്കൂലിയുടെ ആദ്യ ഘട്ടം നല്‍കാന്‍ സഹകരണ സംഘത്തിലെ ആളുകള്‍ എത്തിയിരുന്നു. കൈക്കൂലി വിരുദ്ധ സ്ക്വാഡിന്‍റെ അറിവോടെയായിരുന്നു ഇത്. കൈക്കൂലി വാങ്ങുന്നതിനിടെ ഇവിടെ എത്തിയ സ്ക്വാഡ് മിതാലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 8 മാസങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ പ്രവേശിച്ച മിതാലിയുടെ ആദ്യ പോസ്റ്റിംഗായിരുന്നു ഹസാരിബാഗിലേത്.