06 July, 2023 07:03:01 PM


10 വര്‍ഷം കഴിഞ്ഞ ആധാറാണോ കൈയിലുള്ളത്? എങ്കിൽ സെപ്റ്റംബര്‍ 15നകം പുതുക്കണം



പാലക്കാട്: 10 വര്‍ഷം കഴിഞ്ഞ ആധാറാണോ കൈയിലുള്ളത് ? എങ്കിൽ സെപ്റ്റംബര്‍ 15നകം പുതുക്കണം. ഓരോ 10 വര്‍ഷം കൂടുമ്പോഴും ആധാര്‍ നമ്പര്‍ ഉടമകള്‍ക്ക് തിരിച്ചറിയല്‍ രേഖ (പി.ഒ.ഐ-പ്രൂഫ് ഓഫ് ഐഡന്റിറ്റി), മേല്‍വിലാസ രേഖകള്‍ (പി.ഒ.എ-പ്രൂഫ് ഓഫ് അഡ്രസ്) ഉപയോഗിച്ച് ആധാര്‍ പുതുക്കി ആധാര്‍ രേഖ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് തടയിടാവുന്നതാണ്. സെപ്റ്റംബര്‍ 15 വരെ ആധാറുകള്‍ പുതുക്കാന്‍ അവസരമുണ്ട്.

ചുവടെ കൊടുക്കുന്ന പ്രകാരം ആധാര്‍ ഓണ്‍ലൈനായി സ്വയം പുതുക്കാവുന്നതാണ്

* ആദ്യം myaadhaar.uidai.gov.in ല്‍ നിങ്ങളുടെ ആധാര്‍ നമ്പറും ഒ.ടി.പിയും നല്‍കി ലോഗിന്‍ ചെയ്യുക

* രേഖകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്ന രേഖയും വേണം. ആധാര്‍ കാര്‍ഡിലുള്ള അതേ പേര് വരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഉപയോഗിക്കേണ്ടത്. തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാവുന്നവ-വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ് (ഗൃഹനാഥക്ക് മാത്രം), ഡ്രൈവിങ് ലൈസന്‍സ്, പെന്‍ഷന്‍ കാര്‍ഡ്, ഡിസബിലിറ്റി കാര്‍ഡ് എന്നിവ.
വിലാസം തെളിയിക്കുന്ന രേഖകളായി ഉപയോഗിക്കാവുന്നവ-വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ബാങ്ക് പാസ്ബുക്ക് (ദേശസാത്കൃത ബാങ്കിലെ അപേക്ഷകന്‍/അപേക്ഷകയുടെ ഫോട്ടോ വരുന്ന മുന്‍പേജ്), കിസാന്‍ പാസ്ബുക്ക്, വിവാഹ സര്‍ട്ടിഫിക്കറ്റ്, മൂന്ന് മാസത്തിനുള്ളിലുള്ള വൈദ്യുത ബില്‍, വാട്ടര്‍ ബില്‍, പാചകവാതക കണക്ഷന്‍ ബില്‍, ടെലിഫോണ്‍ ബില്‍ തുടങ്ങിയവ.

* ശേഷം പേര്, ജനനതീയതി, ലിംഗഭേദം, വിലാസം തുടങ്ങിയ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിശദാംശങ്ങള്‍ നിങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പി.ഒ.ഐ/പി.ഒ.എ രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കുക.

* യു.ആര്‍.എന്‍ നമ്പര്‍ രശീതി ഡൗണ്‍ലോഡ് ചെയ്ത് ഭാവി ആവശ്യങ്ങള്‍ക്കായി സേവ് ചെയ്യുക

* സബ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ വിശദാംശങ്ങള്‍ വീണ്ടും പരിശോധിക്കുക


അക്ഷയകേന്ദ്രങ്ങളിലും ആധാര്‍ പുതുക്കാം

* അടുത്തുള്ള അക്ഷയകേന്ദ്രം കണ്ടെത്തുക

* ആധാര്‍ പുതുക്കുന്നതിന് അസല്‍ തിരിച്ചറിയല്‍ രേഖയും മേല്‍വിലാസം തെളിയിക്കുന്ന യഥാര്‍ത്ഥ രേഖയും (പി.ഒ.ഐ-പ്രൂഫ് ഓഫ് ഐഡന്റിറ്റി) വിലാസത്തിന്റെ തെളിവും (പി.ഒ.എ-പ്രൂഫ് ഓഫ് അഡ്രസ്) രേഖകളും കൊണ്ടുപോകുക

* തിരിച്ചറിയല്‍, മേല്‍വിലാസ രേഖകള്‍ അനുസരിച്ചുള്ള വിവരങ്ങള്‍ കൃത്യമായി എന്റോള്‍മെന്റ് ഫോമില്‍ പൂരിപ്പിക്കുക

* ഇ.ഐ.ഡി നമ്പര്‍ അടങ്ങിയ രശീതി സ്വീകരിച്ച് 50 രൂപ ഫീസ് അടക്കുക.

* സമര്‍പ്പിക്കുന്നതിന് മുന്‍പ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിങ്ങളുടെ ഡെമോഗ്രാഫിക് വിവരങ്ങള്‍ പരിശോധിക്കുക.


മേല്‍വിലാസത്തില്‍ മാറ്റമില്ല? എന്നാലും ആധാര്‍ പുതുക്കണം

മേല്‍വിലാസത്തില്‍ മാറ്റമില്ലെങ്കിലും ആധാര്‍ എടുത്തിട്ട് പത്തുവര്‍ഷം കഴിഞ്ഞില്ലെങ്കില്‍ ആധാര്‍ പുതുക്കിയിരിക്കണം.
മുന്‍പ് ചെയ്തത് പോലെ ആധാര്‍ പുതുക്കുന്നതിനായി വിരലടയാളം (ബയോമെട്രിക്) ആവശ്യമില്ല.


ആധാര്‍ പുതുക്കല്‍: സംശയനിവാരണത്തിന് 0491-2547820 ല്‍ ബന്ധപ്പെടാം

ഡി.ഐ.ഒ പാലക്കാട് എഫ്.ബി പേജ് ഇന്‍ബോക്സിലും കമന്‍റ് ബോക്സിലും സംശയം ചോദിക്കാം

ആധാര്‍ പുതുക്കലുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് പൊതുജനങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0491 2547820 എന്ന നമ്പറില്‍ വിളിക്കാം. കൂടാതെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഡിഐഒ പാലക്കാടിന്‍റെ ഇന്‍ബോക്സ്, കമന്‍റ് ബോക്സിലും സംശയങ്ങള്‍, ചോദ്യങ്ങള്‍ ചോദിക്കാം. കൃത്യമായ മറുപടിയും പ്രാധാന്യമുള്ളവ വാര്‍ത്തയായും നല്‍കുന്നതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K