06 July, 2023 03:27:08 PM


നിയമസഭാ കൈയ്യാങ്കളി കേസില്‍ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി



തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. 60 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഉപാധിയോടെയാണ് കോടതി കേസില്‍ തുടരന്വേഷണം നടത്താന്‍ അനുമതി നല്‍കിയത്. 3 ആഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്. കേസിൽ വിചാരണ തീയതി നിശ്ചയിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ നീക്കം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

മന്ത്രി വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി ജയരാജൻ തുടങ്ങിയവരുള്‍പ്പടെ ആറു പ്രതികളാണ് കേസിലുള്ളത്. കേസ് മുന്നോട്ട് പോയാല്‍ മന്ത്രി വി. ശിവൻകുട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ശിവന്‍കുട്ടിയെ കേസ് വിചാരണയില്‍നിന്ന് രക്ഷിക്കാനുള്ള തന്ത്രമാണിതെന്നാരോപിച്ച് കോണ്‍ഗ്രസ് തടസ്സഹര്‍ജിയുമായി വന്നിരുന്നു. തുടരന്വേഷണ നീക്കത്തെ നേരത്തെ കോടതിയും വിമര്‍ശിച്ചിരുന്നു.

കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ, ഗീതാ ഗോപി എന്നിവരും തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ഹര്‍ജി പിന്‍വലിച്ചു.

2015 മാർച്ച് 13-ന് മുൻ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരണം പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണ് നിയമസഭയിൽ കയ്യാങ്കളിയിലേക്ക് നയിച്ചത്. ബാർ കോഴ അഴിമതിയിൽ കെ.എം മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സംഘർഷത്തിനിടെ നിയമസഭയിലുണ്ടായ നാശ നഷ്ടം ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K