04 July, 2023 09:32:02 AM
ശക്തമായ മഴ റെയിൽ ഗതാഗതത്തെ ബാധിച്ചു; രണ്ട് ട്രെയിനുകൾ പുറപ്പെടാൻ വൈകും
തിരുവനന്തപുരം: ശക്തമായ മഴ സംസ്ഥാനത്ത് റെയിൽ ഗതാഗതത്തെ ബാധിച്ചു. സംസ്ഥാനത്തുനിന്ന് ഇന്ന് പുറപ്പെടേണ്ട രണ്ടു ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് ഉച്ചക്ക് 12.30 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം – ന്യൂ ഡൽഹി കേരള സൂപ്പർ ഫാസ്റ്റ് ആറു മണിക്കൂർ വൈകി വൈകിട്ട് 06.30 ന് മാത്രമേ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുക ഉള്ളൂവെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
കൂടാതെ ഇന്ന് പുലർച്ചെ 02.15 ന് എറണാകുളം സൗത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എറണാകുളം – പൂനെ സൂപ്പർ ഫാസ്റ്റ് പത്തര മണിക്കൂർ വൈകി ഉച്ചക്ക് 12.45 ന് മാത്രമായിരിക്കും പുറപ്പെടുക. ഓച്ചിറയിൽ സിഗ്നൽ തകരാർ മൂലം വന്ദേഭാരത് എക്സ്പ്രസ്, മൈസുരു-കൊച്ചുവേളി എക്സ്പ്രസ് എന്നിവ പിടിച്ചിട്ടുണ്ട്. സിഗ്നൽ തകരാർ ഭാഗികമായി പരിഹരിച്ച് 6.57ന് വന്ദേഭാരത് എക്സ്പ്രസ് കടത്തിവിട്ടു. ഓച്ചിറയിൽ സിഗ്നൽ തകരാർ ഉണ്ടായതോടെ കായംകുളം ഭാഗത്തേക്ക് പോകേണ്ട, ജനശതാബ്ദി, പരശുറാം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്നാണ് റിപ്പോർട്ട്.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ചില ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.