30 June, 2023 12:33:36 PM


കേരളത്തില്‍ 51 ആധുനിക മത്സ്യ മാർക്കറ്റുകൾ നിർമ്മിക്കും- മന്ത്രി സജി ചെറിയാന്‍



അടൂർ: സംസ്ഥാനത്ത് 51 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി 138 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് എന്നും ഇവയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച അടൂര്‍  ശ്രീമൂലം മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഫിഷറീസ് വകുപ്പ്  തീരദേശ വികസന കോര്‍പറേഷന്‍ വഴിയാണ് ഈ പ്രവര്‍ത്തികള്‍  നടപ്പിലാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍  ചെല്ലാനത്ത് ഈ വര്‍ഷം ഇന്ത്യയിലെ മുഴുവന്‍ മത്സ്യങ്ങളെയും കൊണ്ടുവന്ന് ഫിഷ്‌ഫെസ്റ്റ് നടത്തും. ഇതോടെ പ്രധാന ടൂറിസം ഇടമായി ചെല്ലാനം മാറും. സംസ്ഥാന സർക്കാർ ഇതിനായി 750 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതി അന്തിമ ഘട്ടത്തില്‍ ആണെന്നും മന്ത്രി പറഞ്ഞു. 

തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള സ്ഥലം മണ്ഡലങ്ങളിൽ നല്‍കിയാല്‍ അതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി. ഫിഷറീസ് വകുപ്പിന്‍റെ സഹായത്തോടെ മണ്ഡലത്തിലെ പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റും ആധുനിക രീതിയില്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. 

602.16 മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ 18 കടമുറികള്‍, പ്രിപ്പറേഷന്‍ മുറി, ചില്‍ റൂം സംവിധാനം, മത്സ്യ വിപണത്തിനായി 22 ട്രോളി സൗകര്യങ്ങളോടു കൂടിയ വിപണന ഹാള്‍,  ടോയ്‌ലറ്റ് സംവിധാനം, ബയോഗ്യാസ് സൗകര്യം എന്നിവയുണ്ട് . വിപണന സ്റ്റാളുകളില്‍ സിങ്കുകള്‍, ഡ്രെയിനേജ് സംവിധാനം, മാന്‍ഹോളുകള്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനായി ഇ ടി പി സംവിധാനവും ഒരുക്കിയിട്ടുണ്ട്. കിഫ്ബി മുഖേന അനുവദിച്ച 2.35 കോടി രൂപ ചിലവഴിച്ച് കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ മുഖേനയാണ് മാര്‍ക്കറ്റിന്റെ പണി  പൂര്‍ത്തിയാക്കിയത്.

അടൂർ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ്,  വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജി. പി. വര്‍ഗീസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ബാബു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  സിന്ധു തുളസീധരകുറുപ്പ്, വിദ്യാഭ്യാസ  കലാകായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അലാവുദീന്‍, കൗണ്‍സിലറും മുൻ ചെയർമാനുമായ ഡി. സജി, സി പി. ഐ (എം ) ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു, സി. പി. ഐ. ജില്ലാ സെക്രട്ടറി എ. പി. ജയന്‍, കെ. എസ്. സി. എ. ഡി. സി മാനേജിംഗ് ഡയറക്ടര്‍ പി. ഐ. ഷെയ്ഖ് പരീത്, കെ. എസ്. സി. എ. ഡി. സി ചീഫ് എഞ്ചിനീയര്‍ ടി. വി. ബാലകൃഷ്ണന്‍, നഗരസഭ സെക്രട്ടറി വി. രാഗിമോള്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K