28 June, 2023 01:47:44 PM
ബലാത്സംഗത്തിനിരയായ 15 കാരിക്ക് ഗർഭച്ഛിദ്രം നിഷേധിച്ച് ബോംബെ ഹൈക്കോടതി
മുംബൈ: ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരിയുടെ ഗർഭം അലസിപ്പിക്കാനുള്ള അപേക്ഷയിൽ ബോംബെ ഹൈക്കോടതി അനുമതി നിഷേധിച്ചു. ഗർഭം അലസിപ്പിച്ചാൽ കുട്ടിയുടെ ജീവന് അപകടമായേക്കാമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ആർ.വി. ഘുഗെ, വൈ.ജി. ഖോബ്രഗഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി.
28 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയാണ് ഹർജി നൽകിയത്.
ഗർഭിണികളെ പരിചരിക്കുന്ന നാസിക്കിലെ ഷെൽട്ടർ ഹോമിലോ ഔറംഗബാദിലെ സ്ത്രീകൾക്കായുള്ള സർക്കാരിന്‍റെ ഷെൽട്ടർ ഹോമിലോ പെൺകുട്ടിയെ പാർപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുഞ്ഞിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാൻ പെൺകുട്ടിക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിലാണ് പെൺകുട്ടിയെ കാണാതായത്. മൂന്നു മാസത്തിനു ശേഷം രാജസ്ഥാനിൽ ഒരു യുവാവിനൊപ്പം പൊലീസ് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.