23 June, 2023 11:44:29 AM


'അറസ്റ്റിനെ ഭയക്കുന്നില്ല, കടൽ താണ്ടിയവനാണ് ഞാൻ'; ചോദ്യം ചെയ്യലിന് ഹാജരായി സുധാകരൻ



കൊച്ചി: മോന്‍സൺ മാവുങ്കാലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും അതിനെല്ലൊം ഉത്തരം നൽകുമെന്ന് സുധാകരൻ പ്രതികരിച്ചു. 'കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ. അറസ്റ്റിനെയും ഭയക്കുന്നില്ല, മുൻകൂർ ജാമ്യം കിട്ടിയിട്ടുണ്ട്. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. കടൽ താണ്ടിയവനാണ് ഞാൻ, കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ട' - എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സുധാകരനെതിരെ വ്യക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനായി ഹാജരായ സുധാകരനെ കാത്തിരിക്കുന്നത് നിരവധി ചോദ്യങ്ങളടങ്ങിയ വിശദമായ ചോദ്യാവലിയാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളിലാകും ക്രൈംബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. മോന്‍സണുമായുള്ള ബന്ധം, മോന്‍സണിന്‍റെ വീട് ഇടയ്ക്കിടയ്ക്ക് സന്ദർശിച്ചതിന്‍റെ ലക്ഷ്യം തുടങ്ങിയവ ചോദ്യാവലിയിൽ ഉണ്ട്. 

തന്‍റെ രോഗം ഭേദപ്പെടുത്താൻ പോയതാണെന്നാണ് സുധാകരൻ വാർത്താസമ്മേളനത്തിലടക്കം വ്യക്തമാക്കിയത്. ഇത് കൂടാതെ മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടുകൾ, എബിൻ എബ്രഹാമും മോൻസണുമായുള്ള സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചോദ്യങ്ങൾ.

ഇവയ്ക്ക് പുറമെ മോൻസണെ ന്യായീകരിച്ചുകൊണ്ട് സുധാകരൻ കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് വിശദീകരണം തേടും. പത്രസമ്മേളനത്തിന്‍റെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ മോൻസണിനെ തള്ളിപ്പറയാൻ സുധാകരൻ തയ്യാറായിരുന്നില്ല. മോൻസണിനെ ശത്രുപക്ഷത്ത് താൻ നിർത്തില്ലെന്നും തനിക്ക് അയാൾ ഒരുപാട് ഉപകാരങ്ങൾ ചെയ്തുതന്നിട്ടുണ്ട് എന്നുമായിരുന്നു സുധാകരന്‍റെ ന്യായീകരണം. പത്രസമ്മേളനത്തിലും സുധാകരൻ താൻ അസുഖം കാണിക്കാനാണ് മോൻസണ്‍ന്‍റയടുക്കൽ എത്തിയതെന്ന് വിശദീകരിച്ചിരുന്നു.

അതേസമയം, പാർട്ടിയുടെ ഉള്ളിത്തന്നെ സുധാകരന്‍റെ ഈ അഭിപ്രായപ്രകടനങ്ങളോട് വിയോജിപ്പ് ഉയർന്നുതുടങ്ങിയിട്ടുണ്ട്. ദയയും ദാക്ഷിണ്യവും അര്‍ഹിക്കാത്തവനെന്ന് കോടതി വിധിച്ച മോന്‍സണെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച കെ.പി.സി.സി അധ്യക്ഷന്റെ നടപടിയാണ് മറ്റു നേതാക്കളെ വെട്ടിലാക്കിയത്.

കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉൾപ്പെടെയുള്ളവർ സുധാകരനെതിരെ പരസ്യനിലപാട് എടുത്തിരുന്നു. വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ സുധാകരന്‍റെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തരുമാണ്. തള്ളിപ്പറയാന്‍ കഴിയാത്ത തരത്തിലുള്ള എന്തു ബന്ധമാണ് സുധാകരന്‍ മോന്‍സണും തമ്മിലുള്ളത് എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K