21 June, 2023 09:26:28 AM
'അവിവാഹിതയും ചെറുപ്പവുമാണ്': ജാമ്യം നിഷേധിക്കേണ്ട കുറ്റം ചെയ്തിട്ടില്ലെന്ന് കെ.വിദ്യ
കാസർഗോഡ്: വ്യാജ രേഖ വിവാദത്തിൽ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24-ന് കോടതി പരിഗണിക്കും. അവിവാഹിതയാണ്. ആ പരിഗണന നൽകണമെന്നും ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും വിദ്യ ജാമ്യ ഹർജിയിൽ പറയുന്നു.
അതേസമയം അട്ടപ്പാടി കോളേജിൽ വ്യാജ രേഖ ചമച്ചെന്ന കേസിൽ കെ. വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലാണ് ഹർജി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ താൻ ചെറുപ്പമാണെന്നും അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹർജിയിലുണ്ട്. ജൂൺ ആറിനാണ് വിദ്യക്കെതിരെ കേസ് എടുക്കുന്നത്. എന്നാൽ 15 ദിവസമായി വിദ്യ ഒളിവിലാണ്.