17 June, 2023 08:18:11 PM
ഉഗാണ്ടയിൽ ഇസ്ലാമികഭീകരർ സ്കൂളിന് തീവെച്ചു: വിദ്യാർഥികളുൾപ്പെടെ 40 മരണം
കംപാല: ഇസ്ലാമിക സ്റ്റേറ്റിന്റെ അനുയായികളായ അലൈഡ് ഡെമാക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ഉഗാണ്ടയിൽ നടത്തിയ ആക്രമണത്തിൽ 37 സ്കൂൾ വിദ്യാർഥികളുൾപ്പെടെ 40 പേർ മരിച്ചു.
പടിഞ്ഞാറൻ ഉഗാണ്ടയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അതിർത്തിയോട് ചേർന്നുള്ള എംപോണ്ട്വേ ലുഭിറിറ സെക്കൻഡറി സ്കൂളിന് നേർക്കാണ് ആക്രമണം നടന്നത്. ഭീകരർ സ്കൂൾ ഡോർമിറ്ററികൾക്ക് തീവയ്ക്കുകയും കുട്ടികളെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു.
ആൺകുട്ടികളുടെ ഡോർമിറ്ററിയിലെ മെത്തകൾക്ക് തീവച്ചതോടെ കുട്ടികളുടെ ശരീരത്തിൽ തീ ആളിപ്പടർന്നു. പല മൃതശരീരങ്ങളും തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
പെൺകുട്ടികളുടെ ഡോർമിറ്ററിയിലെ വാതിൽ തകർത്ത ഭീകരർ, കത്തികളും വടിവാളുകളുമായി കുട്ടികളെ ആക്രമിക്കുകയായിരുന്നു. സ്കൂളിലെ ഭക്ഷണശാല ഭീകരർ കൊള്ളയടിക്കുകയും മുറികൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
മരിച്ചവരിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് പ്രദേശവാസികളും ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു. കുട്ടികളുൾപ്പെടെ നിരവധി പേരെ ഭീകരർ തട്ടിക്കൊണ്ട് പോയതായും റിപ്പോർട്ടുകളുണ്ട്.