16 June, 2023 04:33:31 PM
കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും; ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
വരും ദിവസങ്ങളിൽ വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. തിങ്കളാഴ്ച്ച ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ കാലാവർഷം ദുർബലമായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും കണക്കിലെടുത്ത് കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.