13 June, 2023 10:29:41 AM
സത്പുര ഭവനിലെ തീപിടുത്തം; കത്തിയത് അഴിമതിയുടെ ഫയലുകളെന്ന് കോണ്ഗ്രസ്
ഭോപ്പാൽ: മധ്യപ്രദേശിലെ സത്പുര ഭവനിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയെന്ന് ഭോപ്പാൽ ജില്ലാ കളക്ടർ. രക്ഷാപ്രവർത്തനത്തിന് സിഐഎസ്എഫിന്റെയും സൈന്യത്തിന്റെയും സഹകരണമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. അഴിമതിയുടെ ഫയലുകളാണ് കത്തിയതെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
തിങ്കളാഴ്ചയാണ് ഭോപ്പാലിൽ വിവിധ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന സത്പുര ഭവനിൽ തീപിടിത്തമുണ്ടായത്. ട്രൈബൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ റീജിയണൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു.
മൂന്നാം നിലയിൽ നിന്ന് മുകളിലെ നിലകളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. കെട്ടിടത്തിൽ എസിയും ഗ്യാസ് സിലിണ്ടറുകളുമുണ്ട്. അതിനാൽ സ്ഫോടനമുണ്ടായതായും റിപ്പോർട്ടുണ്ട്.
ആരോഗ്യവകുപ്പിന്റേതുൾപ്പടെ നിരവധി ഓഫീസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട ഫയലുകൾ കത്തിനശിച്ചതായും സൂചനയുണ്ട്.
അപകടത്തിന്റെ ആഘാതം കണക്കിലെടുത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ട് വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിരുന്നു. തീ അണയ്ക്കാൻ വ്യോമസേനയുടെ പ്രത്യേക വിമാനം ഭോപ്പാലിലെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹം വിവരം ധരിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം), പ്രിൻസിപ്പൽ സെക്രട്ടറി (നഗര വികസനം), പ്രിൻസിപ്പൽ സെക്രട്ടറി (പിഡബ്ല്യുഡി), എഡിജി (അഗ്നിശമനം) എന്നിവരടങ്ങുന്ന അന്വേഷണ സമിതിയും അദ്ദേഹം രൂപീകരിച്ചു.