10 June, 2023 11:02:21 AM
അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍; സുരക്ഷയ്ക്കായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം
വടക്കഞ്ചേരി: അരിക്കൊമ്പന്‍റെ സുരക്ഷയക്ക് വേണ്ടി പ്രത്യേക പൂജ. വടക്കഞ്ചേരി ശ്രീ മഹാഗണപതി സഹായം ക്ഷേത്രത്തിലാണ് അരിക്കൊമ്പന്‍റെ സുരക്ഷയ്ക്ക് വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നത്. കർണാടകയിൽ താമസിക്കുന്ന ഒരു ഭക്തയാണ് വഴിപാട് നേർന്നത്.
അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളർ സിഗ്നലുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്നലെ രാത്രിയാണ് അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നത്.
റേഡിയോ കോളർ സിഗ്‌നലുകൾ ലഭിക്കുന്നുണ്ടെന്നും ഇന്നലെ രാത്രി അരിക്കൊമ്പൻ കിലോമീറ്ററുകളോളം സഞ്ചരിച്ചുവെന്നാണ് സിഗ്നൽ പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നതെന്നും തമിഴ്നാട് വനംവകുപ്പ് ഇതിനോടകം വിശദമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍റെ റേഡിയോ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. പിന്നീട് അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ മാറി ആനയുണ്ടെന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു.
വനത്തിനുള്ളിലേക്ക് ആന കയറിയപ്പോൾ സിഗ്നൽ നഷ്ടമായതാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചത്. നേരത്തെ മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങൾ തമഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അപ്പർ കോടയാർ വനമേഖലയിൽ തുറന്നുവിട്ടിരുന്നു.
ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും തമിഴ്നാടിലെ ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു.