08 June, 2023 12:17:14 PM


'സോളാർ കമ്മീഷന് സദാചാര പൊലീസിന്‍റെ മാനസികാവസ്ഥ'- മുൻ ഡിജിപി എ. ഹേമചന്ദ്രൻ



തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരെ മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍. സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമാണ് കമ്മീഷന്‍ അന്വേഷിച്ചത്. സദാചാര പൊലീസിന്‍റെ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും സോളാര്‍ കേസ് അന്വേഷണ സംഘ തലവന്‍ എ ഹേമചന്ദ്രന്‍ വെളിപ്പെടുത്തല്‍. 'നീതി എവിടെ' എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് തുറന്ന് പറച്ചില്‍.

കത്തിപ്പടര്‍ന്ന സോളാര്‍ വിവാദത്തില്‍ ആദ്യാന്തം അന്വേഷണ സംഘത്തെ നയിച്ചത് ഡിജിപിയായിരുന്ന എ ഹേമചന്ദ്രനാണ്. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് തന്‍റെ ആത്മകഥയില്‍ എ ഹേമചന്ദ്രന്‍ നടത്തുന്നത്. ജസ്റ്റിസ് ശിവരാജന്‍ അന്വേഷിച്ചത് അത്രയും സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകളായിരുന്നു. കമ്മീഷന്‍റെ ഭാഗത്ത് നിന്നുള്ള തമാശകള്‍ പോലും അരോചകമായിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്‍റെ ശ്രമം. സദാചാര പൊലീസിനെ പോലെ പെരുമാറി.

തട്ടിപ്പ് കേസിലെ പ്രതികളെയായിരുന്നു കമ്മീഷന്‍ തെളിവിനായി ആശ്രയിച്ചതെന്നും കമ്മീഷന്‍റെ മാനസികാവസ്ഥ പ്രതികള്‍ നന്നായി മുതലെടുത്തിരുന്നെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥരുടേതടക്കം അന്തസ്സും മൗലിക അവകാശവും ഹനിക്കുന്ന പെരുമാറ്റം കമ്മീഷന്‍റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും മുന്‍ ഡിജിപി കുറ്റപ്പെടുത്തുന്നു. തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതം, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങള്‍.

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ടെനി ജോപ്പന്‍റെ അറസ്റ്റ് വിവരം ഉമ്മന്‍ചാണ്ടിയോ അന്ന് അഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ലെന്നാണ് എ ഹേമചന്ദ്രന്‍ പറയുന്നത്. അറസ്റ്റിന്‍റെ പേരില്‍ തിരുവഞ്ചൂരിന് നീരസമുണ്ടായിരുന്നു. അന്വേഷണ സംഘത്തില്‍ നിന്നും പിന്മാറാമെന്ന് അറിയിച്ചപ്പോള്‍ വിലക്കിയത് തിരുവഞ്ചൂര്‍ ആയിരുന്നു.

എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയില്‍ പൊലീസിന് അടിതെറ്റിയെന്നും ആത്മകഥയില്‍ എ ഹേമചന്ദ്രന്‍ വിലയിരുത്തുന്നു. നിരീക്ഷക സമിതി അംഗമെന്ന നിലയില്‍ ശബരിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നുവെന്നും ഹേമചന്ദ്രന്‍ പറയുന്നു. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K