07 June, 2023 06:55:34 PM
റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ഇനി ഇന്‍ഫ്രാറെഡ് പാച്ച് വര്‍ക്ക് യന്ത്രം: തുടക്കം കോട്ടയത്ത്
ഏറ്റുമാനൂർ: ലോകം മാറുന്നതിനനുസൃതമായി വികസന പ്രവർത്തനങ്ങളിൽ നവീനമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്.
സംസ്ഥാനത്തെ റോഡ് പരിപാലനത്തിനായി യൂറോപ്യൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായി എത്തിച്ച ഇൻഫ്രാറെഡ് റോഡ് പരിപാലനയന്ത്രത്തിന്‍റെ ഉദ്ഘാടനം കോട്ടയം തെള്ളകം-കാരിത്താസ് ജംഗ്ഷനിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നവീനമായ കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഏഴുവർഷമായി സംസ്ഥാന സർക്കാർ പിന്തുടരുന്നത്. പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് സംസ്ഥാനത്തുള്ളത്. റോഡ് പരിപാലനരംഗത്ത് സംസ്ഥാന സർക്കാർ നടപ്പാക്കിയ റണ്ണിങ് കോൺട്രാക്ട് സംവിധാനം ഇതിന് ഉദാഹരണമാണ്. കേരളത്തിലെ 30,000 കിലോമീറ്ററുള്ള പൊതുമരാമത്ത് റോഡുകളിൽ 20,000 കിലോമീറ്ററിലധികം റോഡുകളിലും റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇൻഫ്രാറെഡ് പാച്ച്‌വർക് ടെക്‌നോളജിയടക്കം നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ റോഡ് നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന പ്രക്രിയയ്ക്കാണ് പൊതുമരാമത്ത് വകുപ്പ് നേതൃത്വം നൽകുന്നതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
ഇൻഫ്രാറെഡ് ഹോട്ട് ടു ഹോട്ട് എന്ന യൂറോപ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് റോഡ് പരിപാലനത്തിനായി സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ റോഡിലെ കുഴികൾ അടയ്ക്കാനും ഇൻഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് ചൂടാക്കി കുഴികളിൽ ജലാംശം കടക്കാതെ ടാറിംഗ് നടത്തി കൂടുതൽ കാലം റോഡിനെ പരിപാലിച്ചു നിർത്താനും പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കും. കുറഞ്ഞ നിർമാണ ചെലവും അസംസ്‌കൃത വസ്തുക്കളുടെ കുറഞ്ഞ ചെലവും കുറഞ്ഞ മലിനീകരണതോതുമെല്ലാം പുതിയ സാങ്കേതികവിദ്യയുടെ പ്രത്യേകതയാണ്.
കോട്ടയം എം.സി റോഡിലാണ് ആദ്യമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. പാലായിലെ രാജി മാത്യു ആൻഡ് കമ്പനിയാണ് റണ്ണിങ് കോൺട്രാക്ട് സംവിധാനത്തിന്റെ ഭാഗമായി യന്ത്രം ഇറക്കുമതി ചെയ്തിരിക്കുന്നത്.
ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, നഗരസഭാംഗം ഇ.എസ്. ബിജു, ചങ്ങനാശ്ശേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് എ.വി. റസൽ എന്നിവർ പ്രസംഗിച്ചു.
നിലവിൽ കുഴി അടയ്ക്കുന്നതിനായി റെഡി മിക്സ് മിശ്രിതമാണ് ഉപയോഗിച്ചിരുന്നത്. ഇത് പായ്ക്കറ്റിനുള്ളിൽ വരുന്ന തണുത്ത മിശ്രിതമായതിനാൽ ഉറപ്പിച്ചാലും പഴയ റോഡിലെ ടാറിംഗുമായി ഇഴുകിച്ചേരാത്ത അവസ്ഥ ചിലപ്പോൾ ഉണ്ടാകാറുണ്ട്. ഇത്തരം പാച്ച് വർക്കുകൾ പലപ്പോഴും വളരെവേഗം ഇളകിപോകാനും സാധ്യതയുണ്ട്. പുതിയ രീതി ഇതിനെതിരേ ഫലപ്രദമാണ്.
റോഡിലെ ചെറിയ കുഴികൾ അടയ്ക്കുന്നതിനാണ് യന്ത്രം ഉപയോഗിക്കുക. ചെറിയ നാല് മെഷിനുകൾ അടങ്ങുന്ന യൂണിറ്റാണിത്. വൃത്തിയാക്കിയ കുഴിയും അതിന്റെ പരിസര ഭാഗവും 140 ഡിഗ്രി താപനിലയിൽ ചൂടാക്കും. തുടർന്ന് ബിറ്റ്മിൻ എമൾഷൻ കുഴികളിൽ സ്പ്രേ ചെയ്യും. കുഴിയിൽ നിക്ഷേപിക്കാനുള്ള മിക്സ് 140 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാനുള്ള ഹോട്ട് ബോക്സ് ചേംബർ യന്ത്രത്തിനൊപ്പമുണ്ട്. ഇതിൽ നിന്നുമുള്ള മെറ്റീരിയൽ അറ്റകുറ്റപ്പണി ചെയ്യേണ്ട കുഴിയിൽ നിക്ഷേപിച്ച ശേഷം കോംപാക്ടർ ഉപയോഗിച്ച് കൃത്യമായി ഉറപ്പിക്കുന്നതോടെ പ്രവർത്തി പൂർത്തിയാകും. അറ്റകുറ്റപ്പണി നടത്തിയ ഭാഗം റോഡിൽ തിരിച്ചറിയില്ല. സാധാരണ ചെറിയ ഒരു കുഴി അടയ്ക്കുന്നതിനായി എട്ട് മിനിട്ടാണ് വേണ്ടിവരിക. യൂണിറ്റ് ഒരു പിക്ക് അപ് വാഹനത്തിൽ കൊണ്ടുപോകാം. മഴയുടെ ഇടവേളകളിലും അറ്റകുറ്റപ്പണി നടത്താൻ സാധിക്കുമെന്നതും യന്ത്രത്തിന്റെ പ്രത്യേകതയാണ്.