07 June, 2023 12:29:02 PM
മഹാരാജാസ് വ്യാജരേഖ കേസ്: വിദ്യക്കെതിരേ ജാമ്യമില്ലാ വകുപ്പ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിന്‍റെ പേരിൽ വ്യാജരേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച എസ്എഫ്ഐ നേതാവായിരുന്ന കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു. ഏഴു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. കേസ് അഗളി പൊലീസിന് കൈമാറിയേക്കും. വിഷയത്തിൽ ഗവർണർക്കും ഡിജിപിക്കും കെഎസ്‌യു പരാതി നൽകി.
കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യർഥിയായ കാസർകോട് സ്വദേശിനി ഗസ്റ്റ് ലക്ചറർ നിയമനത്തിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് വിവാദമായതോടെയാണ് കേസെടുത്തത്. കാലടി സംസ്കൃത സർവകലാശാലാ യൂണിയന്‍ ജനറൽ സെക്രട്ടറിയായിരുന്ന വിദ്യ മുന്‍പ് എറണാകുളം മഹാരാജാസിലും എസ്എഫ്ഐ നേതാവായിരുന്നു.
ഈ മാസം രണ്ടിന് പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ കോളെജിൽ ഗസ്റ്റ് ലക്ചറർ ഇസ്റ്റർവ്യൂവിൽ വിദ്യ 2 സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിരുന്നു. ഇതിൽ 2018 ജുൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജുൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നു എന്നുമാണ് ഇവയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇന്‍ർവ്യൂ പാനലിലുള്ളവർക്ക് ലോഗോയും സീലും കണ്ട് സംശയം നോന്നുകയായിരുന്നു. തുടർന്ന് ഇവർ കോളെജുമായി ബന്ധപ്പെട്ടപ്പൊഴാണ് കള്ളം പുറത്ത് വരുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പിജി വിദ്യാർഥിയായിരുന്നു.
മഹാരാജാസ് മലയാള വിഭാഗത്തിൽ കഴിഞ്ഞ 10 വർഷമായി ഗസ്റ്റ് ലക്ചർമാരെ നിയമിച്ചിട്ടില്ലെന്നും വ്യക്തമായി. സംഭവം വിവാദമായതോടെ കോളെജ് പ്രിന്‍സിപ്പൽ എറണാകുളം സെന്‍ട്രൽ പൊലീസിനു പരാതി നൽകുകയിരുന്നു. കേസിൽ പ്രിന്‍സിപ്പലിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യക്കു പിഎച്ച്ഡി പ്രവേശനം ലഭിച്ചതിലും ഇത്തരം ഇടപെടൽ നടന്നതായി സംശയിക്കുന്നുണ്ട്.