06 June, 2023 08:11:33 PM
'എഴുതാത്ത പരീക്ഷ പാസാക്കിത്തരാന്‍ ആരെയും വിളിച്ചിട്ടില്ല'- പി.എം ആർഷോ
കൊച്ചി; എഴുതാത്ത പരീക്ഷ വിജയിച്ചെന്ന് കാട്ടി എറണാകുളം മഹാരാജാസ് കോളേജ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച വിവാദത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. താന്‍ പാസായെന്ന തരത്തിലുള്ള മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നത് സാങ്കേതിക പിഴവോ, അല്ലെങ്കില്‍ വിവാദം ഉണ്ടാക്കാന്‍ വേണ്ടി ആരെങ്കിലും കരുതിക്കൂട്ടി ചെയ്ത പ്രവൃത്തിയോ ആകാമെന്ന് ആര്‍ഷോ പറഞ്ഞു.
'എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷ പോലും താന്‍ എഴുതിയിട്ടില്ല. പരീക്ഷ നടക്കുന്ന സമയത്ത് എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ പോലും പറ്റില്ലായിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലുമാസം ജില്ലയില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥയുണ്ടായിരുന്നു എഴുതാത്ത പരീക്ഷ പാസാക്കിത്തരണമെന്ന് പറഞ്ഞ് ആരേയും വിളിക്കാൻമാത്രം ബോധവും ബുദ്ധിയും ഇല്ലാത്ത ആളല്ല താനെന്നും' ആര്‍ഷോ പറഞ്ഞു.
പരീക്ഷ എങ്ങനെ ജയിച്ചുവെന്ന് അറിയില്ല. എഴുതാത്ത പരീക്ഷ പാസാകാന്‍ സാധ്യതയില്ലാത്തതിനാല്‍ മാര്‍ക്ക് ലിസ്റ്റ് നോക്കിയിട്ടില്ല. ഇത്രയും സ്‌നേഹത്തോടെ തന്നെ പാസാക്കിയത് എക്‌സാം കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ള ആളുകളായിരിക്കും. അവര്‍ക്ക് ഇത്ര സ്‌നേഹം തന്നോടുണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു. അവരാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതെന്നും ആര്‍ഷോ പറഞ്ഞു.
ആര്‍ഷോക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അന്നുമുതല്‍ ആര്‍ഷോക്കെതിരെ നിരന്തരമായ ആക്രമണമാണ് വലതുപക്ഷവും മാധ്യമങ്ങളും അഴിച്ചുവിടുന്നത്. എഴുതാത്ത പരീക്ഷ വിജയിച്ചു എന്ന പ്രചരണം വസ്തുതാ വിരുദ്ധമാണ്.
ഫലം പ്രസിദ്ധീകരിച്ചതില്‍ വന്ന സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ നേതാവിന് എഴുതാത്ത പരീക്ഷയ്ക്ക് വിജയം എന്ന് വലതുപക്ഷവും അവര്‍ക്ക് ചൂട്ട്പിടിക്കുന്ന മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നത്. സാങ്കേതികപ്പിഴവ്മൂലം 'passed' എന്ന് രേഖപ്പെടുത്തിയതാണ് ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാണിക്കുന്നതെന്നും എസ്എഫ്‌ഐ വിശദീകരിച്ചു.
അതേസമയം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരീക്ഷാ ഫലത്തിലെ പിഴവുകൾ തിരുത്തി മഹാരാജാസ് കോളേജ് ഫലം വീണ്ടും പ്രസിദ്ധീകരിച്ചു. ബി.എ ആർക്കിയോളജി കോഴ്സിന്‍റെ മൂന്നാം സെമസ്റ്റർ പരീക്ഷയിൽ പി എം ആർഷോ തോറ്റു എന്ന് തിരുത്തിയാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഫലം വിവാദമായതോടെയാണ് കോളജിന്‍റെ നടപടി.