05 June, 2023 10:45:15 AM


എഐ ക്യാമറകൾ പണി തുടങ്ങി: നിലവിൽ 7 തരം നിയമലംഘനങ്ങൾക്കാണ് പിഴയീടാക്കുക



തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് ക്യാമറ വഴി, ഗതാഗതനിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും.  രാവിലെ എട്ട് മണി മുതലുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും. നഗര- ഗ്രാമ വ്യത്യസമില്ലാതെയാണ് എഐ ക്യാമറകൾ സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്.  

മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. എന്നലാ‍ ജൂൺ 5 മുതല്‍ കര്‍ശന നിയമത്തിലേക്കും നടപടികളിലേക്കും ആക്കുകയായിരുന്നു. 

കേന്ദ്ര നിർദ്ദേശം വരും വരെ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെയാളായി യാത്ര ചെയ്യാം. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്. രാത്രി കാല ദൃശ്യങ്ങൾ അടക്കം പകർത്താനാകുന്ന 692 ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. 34 ക്യാമറകൾ കൂടി ഉടൻ സജ്ജമാകും. കേന്ദ്ര നിയമമനുസരിച്ച് വിഐപികൾക്ക് ഇളവുണ്ടാകും. തുടക്കത്തിൽ ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയക്കും.

പിഴ ഇങ്ങനെ 

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K