03 June, 2023 03:25:32 PM


പരിസ്ഥിതി സംരക്ഷണം: 'നെറ്റ് സീറോ എമിഷൻ' പദ്ധതിക്ക് ജൂൺ 5 ന് കോട്ടയത്തു തുടക്കമാകും



കോട്ടയം : കേരളത്തിന്‍റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സഹകരണവകുപ്പ് ബൃഹദ് പദ്ധതി നടപ്പാക്കുന്നു. 'നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ' എന്നു പേരിട്ടിരിക്കുന്ന  പദ്ധതിക്ക് ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തുടക്കമിടും. 

കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മനുഷ്യപ്രേരിത   കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ നെറ്റ് സീറോ എമിഷനുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തും.

സഹകരണവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, സംഘങ്ങളുടെ സഹകരണത്തോടെ ലഭ്യമാകുന്ന പൊതു ഇടങ്ങൾ എന്നിവ നെറ്റ് സീറോ എമിഷൻ പ്രദേശങ്ങളാക്കി മാറ്റുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകും:

1) പൊതുസ്ഥലങ്ങളിലും സംഘങ്ങളുടെ കൈവശമുള്ള ഭൂമിയിലും മരങ്ങൾ നട്ടു പരിപാലിക്കും. ഓരോ  പ്രദേശത്തിനും അനുയോജ്യമായ മരങ്ങളാണ് നടുക.

2) കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളിലൂടെ കാർബൺ ന്യൂട്രൽ  കൃഷി പ്രോത്സാഹിപ്പിക്കും. 

3) സഹകരണസ്ഥാപന ങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കാർബൺ ഓഡിറ്റ് റിപ്പോർട്ട് തയാറാക്കും. 
ഓഡിറ്റ് നടത്താൻ പരിശീലനം നൽകും.

4) വകുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്ക് ഹരിതയോഗ പ്രോട്ടോക്കോൾ തയാറാക്കി പ്രസിദ്ധീകരിക്കും. 

5) വകുപ്പിന്റെ സ്ഥാപനങ്ങൾ ഹരിത കെട്ടിടങ്ങളാക്കാൻ മാർഗരേഖ തയാറാക്കും. 

6) എൽ.ഇ.ഡി ബൾബ് , പുനരുപയോഗക്ഷമമായ വസ്തുക്കൾ എന്നിവയുടെ ഉപയോഗം ഓഫീസുകളിൽ പ്രോത്സാഹിപ്പിക്കും. 

7) സൗരോർജ്ജ സംവിധാനം ഘട്ടം ഘട്ടമായി ഏർപ്പെടുത്തും 

8) മാലിന്യനിർമ്മാർജ്ജന പ്രോജക്ടുകൾ വ്യാപകമായി നടപ്പിലാക്കും. 

9) കടലാസ് ഉപയോഗം കുറയ്ക്കൽ, ഡിജിറ്റൽ സംവിധാനങ്ങൾ വിപുലപ്പെടുത്തൽ എന്നിവ ഫലപ്രദമായി നടപ്പിലാക്കും. 

10) ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കും.

11) രണ്ടു വർഷം കൊണ്ട് സഹകരണവകുപ്പിന്റെ  20 ശതമാനം ഉൽപന്നങ്ങളും കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ നേടുന്നതിന് ശ്രമിക്കും. എല്ലാ ഉൽപന്നങ്ങൾക്കും കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ദീർഘകാലപദ്ധതി നടപ്പാക്കും.

12) കുടുംബശ്രീ, സ്കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ  മിയാവാക്കി കാടുകളുടെ മാതൃക രൂപീകരണം, പാർക്കുകൾ ഒരുക്കൽ, മഴവെള്ളസംഭരണം,  എന്നിവ നടപ്പാക്കും.

13) ഇതോടൊപ്പം, വരുന്ന ഒരു വർഷത്തെ കാർബൺ ഓഡിറ്റിംഗും നടത്തും. 

14) പദ്ധതിയുടെ ഭാഗമായി ഒരാഴ്ച മുതൽ അഞ്ചു വർഷം വരെ നീളുന്ന അടിയന്തര- ഹ്രസ്വകാല - ഇടക്കാല - ദീർഘകാല  പദ്ധതികൾ നടപ്പാക്കും. 

പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാനതലത്തിൽ സഹകരണ രജിസ്ട്രാറും ജില്ലാതലത്തിൽ ജോയിന്‍റ്  രജിസ്ട്രാറും താലൂക്ക് തലത്തിൽ അസിസ്റ്റന്‍റ്  രജിസ്ട്രാറും സ്ഥാപനതലത്തിൽ സ്ഥാപനമേധാവിയും ചെയർമാനായി കമ്മിറ്റികൾ രൂപീകരിക്കും.

ജൂൺ അഞ്ചിന് ഓരോ സംഘവും കുറഞ്ഞത് 10 വൃക്ഷത്തെകൾ പൊതുസ്ഥലങ്ങളിലടക്കം നട്ടു പരിപാലിക്കും.  പൊതുജനങ്ങൾക്ക് വൃക്ഷത്തെകൾ നൽകും. വൃക്ഷത്തൈ ഉൽപാദനത്തിന് സംഘങ്ങൾ ശ്രമിക്കും. 
സഹകരണസംഘം രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന 12,284 സംഘങ്ങളിലും ബ്രാഞ്ചുകളിലും രണ്ടു വർഷത്തിനുള്ളിൽ സംഘങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ സൗരോർജ്ജ പ്ലാന്‍റുകൾ നിർമ്മിക്കും. ഓഫീസുകൾ ഹരിതകാര്യാലയങ്ങളാക്കും. ഊർജ്ജ സംരക്ഷണത്തിനും  സുസ്ഥിരമാലിന്യ സംസ്കരണം, സുസ്ഥിരഗതാഗതം എന്നിവയ്ക്കും പ്രാധാന്യം നൽകും.

ഈ വർഷത്തെ രാജ്യാന്തര സഹകരണ ദിനത്തിന്‍റെ പ്രമേയം 'Cooperatives: partners for accelerated sustainable development' എന്നതാണ്. സുസ്ഥിരവികസനലക്ഷ്യങ്ങളിൽ  കാലാവസ്ഥ സംരക്ഷണം  സുപ്രധാനമാണ്.


സംസ്ഥാനതല ഉദ്ഘാടനം അയ്മനത്ത്

'നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണ മേഖലയിൽ' എന്ന  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രാവിലെ 10 ന്  അയ്മനം എൻ.എൻ. പിള്ള സ്മാരക സാംസ്കാരിക നിലയത്തിൽ നടക്കും. സഹകരണ - രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും.  

ഇതിനു മുന്നോടിയായി, കുട്ടികളിൽ ചെറുപ്രായത്തിൽത്തന്നെ പരിസ്ഥിതി സംരക്ഷണാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, അയ്മനം പി.ജെ.എം. അപ്പർ പ്രൈമറി സ്കൂൾ അങ്കണത്തിൽ, വൈക്കം മുഹമ്മദ് ബഷീറിലൂടെ മലയാളിക്കു സുപരിചിതമായ മാങ്കോസ്റ്റിൻ മരം മന്ത്രി  നടും. കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാന ങ്ങളിലും താലൂക്കുതല ത്തിലും സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ സമാനരീതിയിൽ പരിപാടികൾ സംഘടിപ്പിക്കുകയും പ്രതീകാത്മകമായി മാങ്കോസ്റ്റിൻ മരം നടുകയും ചെയ്യും. 

അയ്മനം

വില്ലേജ് സർവീസ് സഹകരണ ബാങ്കിന്‍റെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. പാർലമെൻ്റംഗം തോമസ് ചാഴികാടൻ മുഖ്യപ്രഭാഷണം നടത്തും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി സൗരജ്യോതി വായ്പാ വിതരണം നടത്തി പരിസ്ഥിതി ദിന സന്ദേശം നൽകും. സഹകരണസംഘം രജിസ്ട്രാർ റ്റി.വി. സുഭാഷ് പദ്ധതി വിശദീകരണം നടത്തും.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ വൃക്ഷത്തൈകളും   അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സബിത പ്രേംജി പഠനോപകരണങ്ങളും അയ്മനം വില്ലേജ് എസ്.സി.ബി. പ്രസിഡന്‍റ് കെ.കെ. ഭാനു അങ്കണവാടി യൂണിഫോമും വിതരണം ചെയ്യും. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം രാധാകൃഷ്ണൻ സ്വാഗതം പറയും.  

രാവിലെ 11 മുതൽ 'നെറ്റ് സീറോ കാർബൺ എമിഷൻ: എന്ത്, എങ്ങനെ കൈവരിക്കാം' എന്ന വിഷയത്തിൽ സെമിനാർ നടക്കും. കേരള കാർഷിക സർവകലാശാല പരിസ്ഥിതി പഠനവിഭാഗം മേധാവി പ്രൊഫ. പി.ഒ. നമീർ വിഷയാവതരണം നടത്തും.

സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു,  സഹകരണസംഘം രജിസ്ട്രാർ റ്റി.വി. സുഭാഷ്, സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ, അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഭാനു എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K