27 May, 2023 03:04:00 PM


കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്



തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനമാണ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.

വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ (28-05-2023) പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച്ച (29-05-2023) ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, കേരളത്തിൽ ഇത്തവണത്തെ കാലവർഷത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ മാസം വരെയാണ് കാലവർഷം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K