23 May, 2023 10:34:46 AM
മോഹൻലാലിനെ അടുപ്പിക്കാൻ കേന്ദ്ര ബി ജെ പി നേതൃത്വത്തിനു വേണ്ടി ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: സൂപ്പർ സ്റ്റാർ മോഹൻലാലിനെ പ്രകീർത്തിച്ചും ജൻമദിന ആശംസകൾ അറിയിച്ചും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കു രാഷ്ട്രീയമുണ്ടോ ? ഉണ്ട് എന്നാണ് ബി ജെ പി ക്കുള്ളിലും സിനിമാ രംഗത്തുമുള്ള സംസാരം.
സംസ്ഥാന നേതൃത്വത്തിന് ശോഭാ സുരേന്ദ്രൻ അഭിമതയല്ലെങ്കിലും ദേശീയ നേതൃത്യം അവരെ പല സുപ്രധാന രാഷ്ട്രീയ ചുമതലകളും ഏൽപ്പിക്കുന്നുണ്ട്. ക്രൈസ്തവ സഭയിലെ ഒരുവിഭാഗവുമായുള്ള ചർച്ച തുടങ്ങി വച്ചതും ഇടതുപക്ഷത്തു നിന്നു ചിലരെ ബി ജെ പിയിലേക്കു ചാടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതും അവരുടെ നേതൃത്വത്തിലാണ്.
ബംഗാൾ ഗവർണർ സി വി ആനന്ദബോസ്, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ശോഭാ സുരേന്ദ്രൻ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വിശ്വസ്തരായ 'പൊളിറ്റിക്കൽ ഓപ്പറേറ്റർ' മാരായി നിലകൊള്ളുകയാണ്. കേരള നേതൃത്വത്തിന് ഇതിൽ അലോസരവുമുണ്ട്. അതിന്‍റെ കൂടി ഭാഗമായാണ് ശോഭാ സുരേന്ദ്രൻ സി പി എമ്മിലേക്കു പോകുന്നു എന്ന പ്രചരണം ഇവിടുത്തെ നേതാക്കളിൽ ചിലരുടെ അറിവോടെ നടക്കുന്നത്.
എന്നാൽ എ ഐ ക്യാമറ വിവാദത്തിൽ അതും മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍റെ ഭാര്യാ പിതാവിന്‍റെ പേര് ആദ്യമായി പുറത്തു കൊണ്ടുവന്നതോടെ ശോഭ - സി പി എം ബന്ധം എന്ന ആരോപണം നിലനിൽക്കാതായി. ഇതിനു ശേഷമാണ് പുതിയ അസൈൻമെന്‍റ് എന്ന നിലയിൽ മോഹൻലാലിന്‍റെ മനസ്സറിയാനുള്ള നിയോഗം. നേരത്തേ ലോക്സഭയിലേക്കു ബി ജെ പി സ്ഥാനാർത്ഥിയാകാനുള്ള ആർ എസ് എസ് ഓഫർ നിരസിച്ചിട്ടുള്ള ആളാണ് മോഹൻലാൽ .
അതേസമയം മോദിയെയും അദ്ദേഹത്തിന്‍റെ ഭരണത്തെയും കുറിച്ചു നല്ല വാക്കുകൾ പറയുകയും എഴുതുകയും ചെയ്യാറുമുണ്ട്. മോഹൻലാലിന്‍റെ മന:സ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ പോയിരുന്നു. ആന്‍റണിയുടെ അമ്മ മരിച്ചതിലെ അനുശോചനം അറിയിക്കാനായിരുന്നു മരണത്തിന് ഒരാഴ്ചക്കു ശേഷമുള്ള സന്ദർശനം. എന്നാൽ അതിനു മോഹൻലാലിലേക്കുള്ള രാഷ്ട്രീയ വാതിൽ തുറക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് എന്നും അറിയുന്നു . ലാലിന്‍റെ ജൻമദിനത്തിൽ ശോഭ സുരേന്ദ്രൻ പോസ്റ്റു ചെയ്ത വീഡിയോയിൽ ആർ എസ് എസ് പ്രവർത്തകരും കെ സുരേന്ദ്രൻ പക്ഷക്കാരല്ലാത്ത ബി ജെ പി ക്കാരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.