17 May, 2023 12:10:29 PM
ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം; പരമാവധി ശിക്ഷ 7 വർഷം തടവ്
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം.
കുറഞ്ഞ ശിക്ഷ 6 മാസം തടവും, പരമാവധി ശിക്ഷ 7 വർഷം വരെ തടവുമായിരിക്കും. എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓർഡിനൻസ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതു മാത്രമല്ല, അധിക്ഷേപിക്കുന്നതും വാക്കുകൾ കൊണ്ട് അസഭ്യം പറയുന്നതും നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഉത്തരവിറക്കിയത്. നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴയീടാക്കുന്നതും പരിഗണിച്ചു.
നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്‍റെ സംരക്ഷണമുണ്ടാകും. പ്രതികൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്കും വ്യവസ്ഥയുണ്ട്. സുരക്ഷാ ജീവനക്കാർ, ക്ലിനിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരേയും നിയമപരിധിയിൽ ഉൾപ്പെടുത്തി. അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഓർഡിനൻസിൽ പറയുന്നു. അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ മുന്‍പ് 3 വർഷമായിരുന്നു. ഇതാണ് ഇപ്പോൾ 7 വർഷമാക്കി ഉയർത്തിയത്.
ഡോക്‌ടർമാരുടെ ചിരകാല ആവശ്യമായിരുന്നു ഓർഡിനന്‍സ് ഇപ്പോൾ കൊട്ടാരക്കരയിലെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു പൊലീസ് കൊണ്ടുവന്നയാൾ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അടിയന്തരമാക്കി ഇറക്കിയത്.