12 May, 2023 04:42:50 PM


റൂറൽ ആശുപത്രികളിൽ ഹൗസ് സർജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി



തിരുവനന്തപുരം: റൂറൽ ആശുപത്രികളിൽ ഹൗസ് സർജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതുവരെയാണ് ഈ ഉത്തരവ്. ആരോഗ്യമന്ത്രി പിജി ഡോക്‌ടർമാരുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് തീരുമാനം.

ആഴ്ച്ചയിൽ ഒരു ദിവസം അവധി ഉറപ്പാക്കും, വാർഡുകളിൽ രാത്രി രോഗിക്കൊപ്പം കൂട്ടിപ്പിരിപ്പിനായി ഒരാൾ മാത്രം, അത്യാഹിത വിഭാഗത്തിൽ രണ്ടുപേർ എന്നിവയും നടപ്പാക്കും. മാത്രമല്ല പിജി ഡോക്‌ടർമാരുടെയും ഹൗസ് സർജൻമാരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. ഒരുമാസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. വകുപ്പ് മേധാവി വിദ്യാർഥികളുടെ അവധി ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ഈ മാസം 17 ന് ചേരുന്ന മന്ത്രിസഭ യോഗത്തിന് ശേഷം കൂടുതൽ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അരോഗ്യമന്ത്രി ഉറപ്പുനൽകി. തുടർന്ന് സമരം ഭാഗീകമായി പിൻവലിക്കാൻ പിജി ഡോക്‌ടർമാർ തീരുമാനിച്ചു. ചർച്ചയിൽ ഉറപ്പുലഭിച്ചതോടെ അടിയന്തരസേവന വിഭാഗത്തിൽ വൈകീട്ട് 5 മുതൽ ജോലിക്ക് കയറുമെന്നും അറിയിച്ചു. തുടർ സമര പരിപാടികൾ വൈകീട്ട് യോഗം ചേർന്ന് തീരുമാനിക്കുമെന്നും പിജി ഡോക്‌ടർമാർ‌ അറിയിച്ചു. അതേസമയം, ഹൗസ് സർജന്മാരുടെ സമരം പിന്‍വലിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലന്ന് പിജി ഡോക്‌ടർമാർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K