11 May, 2023 01:27:30 PM


'പൊലീസുകാരൻ മരിച്ചാലും ഡോ. വന്ദനയെ സംരക്ഷിക്കണമായിരുന്നു'- എഡിജിപി



കൊച്ചി: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകത്തിൽ ഹൈക്കോടതിയിൽ വീഴ്ച സമ്മതിച്ച് പൊലീസ്. വന്ദന ഭയന്നുനിന്നപ്പോൾ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേ എന്നും കോടതി ചോദിച്ചു. എന്നാൽ, പൊലീസുകാരൻ മരിച്ചാലും ഡോ. വന്ദനയെ സംരക്ഷിക്കണമായിരുന്നുവെന്ന് എഡിജിപി എം ആർ അജിത്കുമാർ കോടതിയിൽ പറഞ്ഞു. ഈ പരാമർശത്തെ കോടതി അഭിനന്ദിച്ചു.

ഇന്ന് കേസ് പരിഗണിക്കുമ്പോഴും പൊലീസിനെതിരെ കോടതി ആഞ്ഞടിച്ചു. പൊലീസ് സംവിധാനം പരാജയമായിരുന്നെന്ന് കോടതി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഫോൺസംഭാഷണവും പൊലീസ് കോടതിയിൽ നൽകി. പ്രതി സന്ദീപ് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തുന്നതിന്‍റെ അടക്കം ദൃശ്യങ്ങളാണ് ഇതിലുള്ളത്.

സന്ദീപിനെ പ്രൊസീജ്യർ റൂമിൽ കയറ്റിയപ്പോൾ പൊലീസ് എവിടെയായിരുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. അക്രമം കണ്ട് ഡോ. വന്ദന ദാസ് ഭയന്നുനിന്നപ്പോൾ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു. വസ്തുത വസ്തുതയായി പറയണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് സമർപ്പിച്ച വിശദമായ റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു രൂക്ഷമായ ചോദ്യങ്ങൾ.

ആക്രമണം നടന്നത് എങ്ങനെയെന്ന് ഹൈക്കോടതിയിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാർ വിശദീകരിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. ആദ്യം വന്ന ഫോൺ കോൾ മുതൽ ഏറ്റവും ഒടുവിൽ എന്തുസംഭവിച്ചുവെന്ന് അക്കമിട്ട് നിരത്തിയാണ് കോടതിയിൽ പവർപോയിന്‍റ്  പ്രസന്‍റേഷൻ വഴി എഡിജിപി വിശദീകരിച്ചത്.

സന്ദീപിന്‍റെ കാലിലെ മുറിവ് വൃത്തിയാക്കാനായി കാൽ താഴ്ത്തിവയ്ക്കാൻ നഴ്സ് ആവശ്യപ്പെട്ടു. എന്നാൽ ഇതിനു സന്ദീപ് തയാറായില്ല. ബന്ധു രാജേന്ദ്രൻ പിള്ള കാൽ ബലമായി താഴ്ത്തിയതാണ് സന്ദീപിനെ പ്രകോപിപ്പിച്ചെന്ന് എഡിജിപി കോടതിയെ അറിയിച്ചു.

വന്ദന ദാസിന്‍റെ  കേസ് ബുധനാഴ്ച പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നടത്തിയ പരാമർശങ്ങളെത്തുടർന്ന് സൈബർ ഇടങ്ങളിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ആരാണ് വിമർശിക്കുന്നതെന്ന് അറിയാമെന്നും ഇത്തരം സംഭവങ്ങളിൽ കണ്ണടയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ വിശ്വാസം തകർക്കാനാകില്ല. കോടതിയുടെ ഉദ്ദേശ്യങ്ങളിൽനിന്നു വ്യതിചലിപ്പിക്കാൻ കഴിയില്ല. ഉത്തരവാദിത്തമാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ഡോക്ടർമാർ സമരം തുടരുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ജനങ്ങളും പൊലീസും കോടതിയും സംഭവത്തില്‍ ഡോക്ടര്‍മാരുടെ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സമരം തുടരുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.4K