10 May, 2023 03:46:42 PM
ഡോക്‌ടർമാരെ സംരക്ഷിക്കാൻ കഴിവില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടൂ: ഹൈക്കോടതി
കൊച്ചി: കൊട്ടാരക്കരയിൽ വനിതാ ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. രാജ്യത്തെവിടെയും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നു പറഞ്ഞ കോടതി ഡോക്‌ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടണമെന്നും പറഞ്ഞു.
പൊലീസിന്‍റെ കൈയിൽ തോക്കുണ്ടായിരുന്നില്ലെ എന്നും കോടതി ചോദിച്ചു. എങ്ങനെ സംരക്ഷണം ഒരുക്കണമെന്ന് കോടതിയല്ല പറഞ്ഞു തരേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഡോക്‌ടറുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണെന്നും സംഭവത്തിൽ പൊലീസ് മേധാവി വിശദീകരണം നൽകണമെന്നും കോടതി വ്യക്തമാക്കി.
ഇന്ന് പുലർച്ചെയാണ് വൈദ്യപരിശോധനക്കെത്തിച്ച സന്ദീപ് എന്ന യുവാവ് വനിതാ ഡോക്‌ടറായ വന്ദനാ ദാസിനെ കുത്തി കൊലപ്പെടുത്തുന്നത്. 6 കുത്തുകളാണ് ഇയാൾ സർജിക്കൽ കത്രിക ഉപയോഗിച്ച് കുത്തിയത്, ഇതിൽ 2 കുത്തുകൾ മാരകമായിരുന്നു. അത്രമാസക്തനായ പ്രതി പൊലീസുകാരെ ഉൾപ്പെടെ 5 പേരെ കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്.