10 May, 2023 03:26:06 PM


കുട്ടികളെ ദത്തെടുക്കാൻ ദമ്പതികളാവണമെന്നില്ല: സുപ്രീം കോടതി



ന്യൂഡൽഹി: വ്യക്തികൾക്കും കുട്ടികളെ ദത്തെടുക്കാൻ ഇന്ത്യൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും അതിനു ദമ്പതികളാകണമെന്നു നിർബന്ധമില്ലെന്നും സുപ്രീം കോടതി. സ്വവർഗ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളിൽ വാദം കേൾക്കവേയാണു പ്രതികരണം.

പരമ്പരാഗത രീതിയിലുള്ള കുടുംബ വ്യവസ്ഥയിലെ ദമ്പതികൾക്ക് സ്വാഭാവിക രീതിയിൽ ജനിക്കുന്ന ജൈവിക സന്താനങ്ങളിൽ നിന്നു വ്യത്യസ്തമായ സാഹചര്യങ്ങളെ നിയമ വ്യവസ്ഥ അംഗീകരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ലിംഗം എന്ന ആശയത്തിൽ വ്യത്യാസങ്ങൾ വരാമെങ്കിലും അമ്മ, മാതൃത്വം എന്നിവയുടെ കാര്യം അങ്ങനെയല്ലെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ വാദിച്ചു. കുട്ടിയെ ദത്തെടുക്കൽ മൗലികാവകാശങ്ങളിൽപ്പെടുന്നതല്ലെന്ന് സുപ്രീം കോടതി തന്നെ പല വിധിന്യായങ്ങളിൽ പ്രസ്താവിച്ചിട്ടുള്ളതാണെന്നും കമ്മിഷൻ.

കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുക എന്നത് തർക്കമില്ലാത്ത കാര്യമാണെന്നു സമ്മതിച്ച കോടതി പക്ഷേ, വ്യത്യസ്ത കാരണങ്ങളാൽ ദത്തെടുക്കൽ ആവശ്യമായി വരാമെന്നും നിരീക്ഷിച്ചു.

പങ്കാളികളില്ലാത്ത വ്യക്തികൾക്കും ദത്തെടുക്കാവുന്നതാണ്. സ്വവർഗ ബന്ധങ്ങളിലുള്ളവർക്കും അതാകാം. ജൈവികമായി കുട്ടിക്കു ജന്മം നൽകാൻ ശേഷിയുള്ളവർക്കും ദത്തെടുക്കുന്നതിനു തടസമില്ല. ജൈവികമായി കുട്ടിയുണ്ടാകണമെന്ന് ആരെയും നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K