10 May, 2023 12:48:35 PM
'പ്രതിയെ പരിശോധിക്കുമ്പോൾ പൊലീസ് അടുത്തുവേണ്ട': സര്‍ക്കാര്‍ ഉത്തരവ് തിരിച്ചടിയായി
- ശ്രീലക്ഷ്മി എന്‍.എസ്.
തിരുവനന്തപുരം: വൈദ്യപരിശോധന നടത്തുന്നതിനിടെ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടർ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് കേരളം. ഇതിനിടെ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കികൊണ്ട് മൂന്ന് വര്‍ഷം മുമ്പുള്ള ഒരു ഉത്തരവ് ചര്‍ച്ചയാകുന്നു. പ്രതികളെ ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ പോലീസുകാരുടെ സാന്നിധ്യം വേണ്ടതില്ല എന്നതായിരുന്നു ഉത്തരവ്. ഈ ഉത്തരവ് ഇല്ലായിരുന്നുവെങ്കില്‍ കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (23) ഇത്ര ക്രൂരമായി കൊല്ലപ്പെടുകയില്ലായിരുന്നുവെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
ജിഓ (പി) നമ്പര്‍ 55/2020/ഹോം ആയി 2020 ഒക്ടോബര്‍ 31ന് ഇറങ്ങിയ ഈ ഉത്തരവിന് പിന്നിലും ഒരു വനിതാ ഡോക്ടറുടെ ഇടപെടലുകളാണ് ഉണ്ടായത്. താനൂര്‍ സ്വദേശിയും അന്ന് താനാളൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറുമായിരുന്ന ഡോ.കെ.പ്രതിഭയായിരുന്നു ഇത്തരം ഒരു ഉത്തരവ് ഇറക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇതേ ആവശ്യത്തിന് വേണ്ടി ഹൈക്കോടതിയെവരെ സമീപിച്ചിരുന്നു.
ഇതേ തുടര്‍ന്ന് കസ്റ്റഡി പീഡനങ്ങള്‍ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍പ്പെട്ടതായിരുന്നു പ്രതികളെ പരിശോധിക്കുമ്പോള്‍ പൊലീസ് സാന്നിധ്യം ഒഴിവാക്കണമെന്ന നിര്‍ദേശമുണ്ടായത്. അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമ്പോള്‍ ഒപ്പം വരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഡോക്ടറും പ്രതിയുമായുളള സംസാരം കേള്‍ക്കാതെ ദൂരെ മാറിനില്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ടായിരുന്നു.
ഡോക്ടര്‍- പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനായിരുന്നു നടപടി. എന്നാല്‍ പ്രതിക്ക് രക്ഷപ്പെടാന്‍ കഴിയാത്തത്ര അകലം പൊലീസ് പാലിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെങ്കില്‍ പ്രതിയോട് ചോദിച്ച് മനസ്സിലാക്കാന്‍ ഡോക്ടര്‍ക്ക് അവസരമുണ്ട്. പ്രതിയുടെ മുന്‍കാല രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യാം.
ഡ്യൂട്ടിക്കിടെ ഡോക്ടർമാർ ആക്രമിക്കപ്പെടുന്ന വാർത്ത പുതിയതല്ലെങ്കിലും ഒരു ഡോക്ടർക്ക് ഇത്തരത്തിൽ ജീവൻ നഷ്ടപ്പെടുന്നത് ഇതാദ്യം. ഡോക്ടർമാരും രോഗികളുടെ കൂട്ടിരുപ്പുകാരും തമ്മിലുണ്ടാകുന്ന വാക്ക് തർക്കമാണ് ആക്രമത്തിൽ കലാശിക്കുന്നതെങ്കിൽ ഇവിടെ തീർത്തും വ്യത്യസ്തമാണ് കാര്യങ്ങൾ. അക്രമാസക്തനായ പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ, കത്രിക ഉപയോഗിച്ച് മുതുകിൽ ആറു തവണ കുത്തുകയായിരുന്നു.
ഡോക്ടറെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും ഹോംഗാർഡിനും അടക്കം മറ്റു മൂന്നുപേർക്ക് കൂടി കുത്തേറ്റു. പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസുകാർ മാറിനിൽക്കണമെന്ന സർക്കാർ ഉത്തരവ് ഈ സംഭവത്തിൽ തിരിച്ചടിയായോ എന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്. ഇതിനിടെ, പ്രതികൾക്ക് എന്തും ചെയ്യാൻ സ്വാതന്ത്ര്യം കൊടുക്കുന്നത് പൊതുസമൂഹമാണെന്നും ഒരു ജീവൻ പൊലിഞ്ഞത് ഡോക്ടർമാരുടെ ഈഗോ മൂലമുള്ള ഉത്തരവ് കാരണമെന്നുമുള്ള ആരോപണവുമായി പോലീസും രംഗത്തെത്തി.