10 May, 2023 12:02:00 PM


വനിതാ ഡോക്ടറെ കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ 24 മണിക്കൂര്‍ സമരം



കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ 24 മണിക്കൂർ സമരം പ്രഖ്യാപിച്ച് ഡോക്ടർമാര്‍. ഐഎംഎയും കെജിഎംഒഎയുമാണ് സമരം പ്രഖ്യാപിച്ചത്.

അത്യാഹിതവിഭാഗവും ഐസിയുവും ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്കരിക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുൽഫി നൂഹു പറഞ്ഞു. സർക്കാർ സ്വകാര്യ മേഖലയിലെ ഡോക്ടർമാർ നാളെ രാവിലെ 8 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

വനിതാ ഡോക്ടറെ കുത്തേറ്റ് മരിച്ച സംഭവത്തിൽ അതിശക്തമായ പ്രതിഷേധിക്കുന്നുവെന്നും ഐഎംഎ വ്യക്തമാക്കി. ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും സുൽഫി ആവശ്യപ്പെട്ടു.

കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (23) ആണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അടിപിടികേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയായ അധ്യാപകനെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ച് ആറുതവണ പ്രതി ഡോക്ടറെ കുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. പിന്നാലെ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K