04 May, 2023 02:17:01 PM
ഫ്യൂവല്‍ സർചാർജിന്റെ പേരിൽ കെസ്ഇബിയുടെ പകൽകൊളള വീണ്ടും
കോട്ടയം: ഫ്യുവൽ സർചാർജ് എന്ന പേരിൽ വൈദ്യുതി വകുപ്പിൻ്റെ പകൽകൊള്ള വീണ്ടും. കഴിഞ്ഞ ഫെബ്രുവരി മുതൽ മേയ് 31 വരെയുള്ള കാലഘട്ടത്തിലെ ബില്ലിലാണ് ഇത്തരം ഒരു അധികത്തുക കടന്നു കൂടിയിരിക്കുന്നത്. ഇതേസംബന്ധിച്ചു കെഎസ്ഇബി അധികൃതര്‍ പറയുന്നത് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ വൈദ്യുതി ഉപഭോഗം കൂടുന്നുവെന്നും അപ്പോള്‍ പുറത്ത് നിന്നു വാങ്ങേണ്ടി വന്ന വൈദ്യുതിയുടെ ചാർജ് ആണിതെന്നുമാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും താപനിലയങ്ങളില്‍ നിന്നും കേന്ദ്രഗവണ്‍മെന്‍റ് നിർദേശപ്രകാരം പവര്‍ ഗ്രിഡ് വഴി വില കൊടുത്ത് വൈദ്യുതി വാങ്ങിയിരുന്നു. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിക്ക് കേരളത്തില്‍ ഈടാക്കുന്ന നിരക്കിനേക്കാള്‍ കൂടുതലാണ്. ആ വിലയാണ് ഒരു യൂണിറ്റിന് ഒന്‍പത് പൈസ നിരക്കില്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടായത്.
ഉപഭോക്താക്കളുടെ ഉപയോഗത്തിനനുസരിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ വന്ന ബില്ലില്‍ ചെറിയ തുക ഈടാക്കിയിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ വന്ന ബില്ലിൽ നല്ലൊരു തുകയാണ് ഫ്യൂവല്‍ സര്‍ ചാര്‍ജായി രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ വെളളത്തില്‍ നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതെങ്കില്‍ മറ്റ് താപനിലയങ്ങളിലും സംസ്ഥാനങ്ങളിലും കല്‍ക്കരി കത്തിച്ചും മറ്റുമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടാണ് ഫ്യൂവല്‍ സർചാർജ് എന്ന പേരിൽ തുക ഈടാക്കുന്നതെന്നാണ് അധികൃതരുടെ വാദം.
സാധാരണ വൈദ്യുതി ചാര്‍ജ് കൂട്ടുമ്പോള്‍ ഓരോ യൂണിറ്റിനും ഇത്ര രൂപാ കൂട്ടിയെന്ന് അറിയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അധികതുക ഈടാക്കുന്നത് സാധാരണക്കാര്‍ക്ക് അറിയില്ല. ഇത് മറഞ്ഞിരുന്നുളള കൊളളയാണ്. ഇത്തരത്തില്‍ വിലക്ക് വാങ്ങിയ വൈദ്യുതിയുടെ വിവരം അധികൃതര്‍ അറിയിക്കേണ്ടതായിരുന്നു.
യൂണിറ്റ് അടിസ്ഥാനത്തില്‍ ഉപഭോഗത്തിനനുസരിച്ചുളള തുക ബില്ലില്‍ വരുന്നുണ്ട്. എന്നാല്‍ അതിനുപുറമേ വരുന്ന ഫ്യൂവല്‍ സര്‍ ചാര്‍ജിനെക്കുറിച്ച് ആര്‍ക്കും അറിയില്ല. ഇത്തരത്തില്‍ അധികചാര്‍ജ് ഈടാക്കുന്നത് എന്തിനെന്ന് അറിയാത്തതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഒരു ദിവസം വൈകി വൈദ്യുതി ബില്‍ അടച്ചാല്‍ ഫ്യൂസ് ഊരിക്കൊണ്ട്പോകുന്ന അധികൃതര്‍ ഇത്തരം അധികചാര്‍ജ് ഈടാക്കുന്ന വിവരം മറച്ചുവെച്ച് കൊളള നടത്തുന്നതിനെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.