02 May, 2023 02:29:16 PM


യുവതിയുടെ ആത്മഹത്യ; പൊലീസിനെതിരെ നാട്ടുകാരും ബന്ധുക്കളും



കോട്ടയം: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായി പൊലീസും. കോട്ടയം കോതനല്ലൂർ സ്വദേശി ആതിര (26) ആണ്  സൈബര്‍ ആക്രമത്തിനും പൊലീസിന്‍റെ നിഷ്ക്രിയത്വത്തിനും ഇരയായി ജീവന്‍ വെടിഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് അന്വേഷണം ആരംഭിക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല എന്നാണ് ആരോപണം.


സംഭവത്തില്‍ പ്രതിയായ അരുണ്‍ വിദ്യാധരന്‍ ഒളിവിലാണ്. ആതിരയുടെ മുന്‍ സുഹൃത്തായ അരുണിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.  പ്രതിക്കെതിരായ പരാതിയില്‍ ഉടന്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അരുണ്‍ ആതിരയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.


ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു ആതിരയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആതിരയും അരുണും അടുപ്പത്തിലായിരുന്നു. എന്നാല്‍ അരുണിന്റെ സ്വഭാവ വൈകൃതം കാരണം രണ്ട് വര്‍ഷം മുന്‍പ് ഇരുവരും പിരിഞ്ഞു. അതിന് ശേഷം ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നില്ല. ആതിരയ്ക്ക് കല്യാണ ആലോചനകൾ വരുന്നതറിഞ്ഞ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു. ഈയടുത്ത് ആതിരയ്ക്ക് വിവാഹാലോചന വന്നതോടെയാണ് അരുണ്‍ വീണ്ടും ഭീഷണിപ്പെടുത്തി തുടങ്ങിയതും സൈബര്‍ ആക്രമണം നടത്തിയതും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K