01 May, 2023 12:47:18 PM


സ്വന്തമായി വാഹനമേയില്ല; 2000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് സന്ദേശം



കോട്ടയം: ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചതിന് രണ്ടായിരം രൂപ പിഴ അടയ്ക്കാന്‍ കോട്ടയം നട്ടാശ്ശേരി സ്വദേശിയായ യുവാവിന് സംസ്ഥാന ഗതാഗത വകുപ്പിന്‍റെ മൊബൈല്‍ ഫോണ്‍ സന്ദേശം. സന്ദേശം കണ്ട യുവാവ് ഞെട്ടിത്തരിച്ചു. സ്വന്തമായി ഒരു വാഹനം പോലുമില്ലാത്ത തനിക്ക് എങ്ങനെ ഈ സന്ദേശം വന്നു എന്നതായി ചിന്ത.

തുടര്‍ന്ന് മോട്ടേര്‍ വാഹന വകുപ്പിന്‍റെ വെബ്സൈറ്റില്‍ കയറി നടത്തിയ പരിശോധനയിലാണ് ഇത് തനിക്കുളളതല്ല, മറ്റൊരാള്‍ക്കുളള സന്ദേശം വഴിതെറ്റി വന്നതാണെന്ന് തിരിച്ചറിഞ്ഞത്. കെഎല്‍18 കെ9169 നമ്പരുളള വാഹനത്തിന് ചെല്ലാന്‍ നമ്പര്‍ കെഎല്‍106301230114124613 പ്രകാരം 2000 രൂപ പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നട്ടാശ്ശേരി സ്വദേശി മനോജിന് കഴിഞ്ഞ ദിവസം മൊബൈല്‍ സന്ദേശം ലഭിച്ചത്. ഇതേ അനുഭവം കേരളത്തില്‍ മറ്റു പലര്‍ക്കും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ക്യാമറയില്‍ പതിഞ്ഞ നമ്പര്‍ പ്രകാരം ഹെല്‍മെറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പോലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നും ഒരു ഉദ്യോഗസ്ഥ ഫോണ്‍ വഴി സംസാരിക്കുന്ന ഓഡിയോ സന്ദേശം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് വെക്കണോ എന്നായിരുന്നു ഉദ്യോഗസ്ഥയോട് പിഴ അടയ്ക്കേണ്ടയാളുടെ ചോദ്യം. ഉദ്യോഗസ്ഥ പറഞ്ഞ കെഎല്‍42എം9316 എന്ന നമ്പരിലുള്ള തന്‍റെ കാര്‍ ഫൈന്‍ അടിച്ചെന്നു പറയുന്ന സമയത്ത് തന്‍റെ വീട്ടുമുറ്റത്ത് കിടപ്പുണ്ടായിരുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ഇതോടെ മറുപടിയില്ലാതായ ഉദ്യോഗസ്ഥ തിരിച്ചുവിളിക്കാമെന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തുപോകുന്നതാണ് ഓഡിയോയില്‍ കേള്‍ക്കാനാവുന്നത്.

എന്നാല്‍ ചെല്ലാന്‍ ജനറേറ്റ് ചെയ്തപ്പോള്‍ ഉണ്ടായ തെറ്റാണ് ഈ സംഭവത്തിന് പിന്നിലെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥന്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു. കെഎല്‍42എം9315 എന്ന ഇരുചക്രവാഹനത്തിനാണ് പിഴ ചുമത്തപ്പെട്ടത്. എന്നാല്‍ ചെല്ലാന്‍ തയ്യാറായപ്പോള്‍ ഇത് കെഎല്‍42എം9316 എന്നായി. ഇത് പിന്നീട് തിരുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാധാരണ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്കാണ് സന്ദേശം എത്തുക. ഇത് പലരും ശ്രദ്ധിക്കാത്തതിനാലാണ് വിളിച്ചറിയിക്കുക കൂടി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരം തകരാറുകള്‍ അറിയാനാവുന്നതോടൊപ്പം പരാതികളും ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K