24 April, 2023 03:15:04 PM
എഐ ക്യാമറ പദ്ധതിയുമായും എസ്.ആർ.ഐ.റ്റി.യുമായും ബന്ധമില്ല; ഊരാളുങ്കൽ ചെയർമാൻ
കൊച്ചി: എഐ ക്യാമറ പദ്ധതിയുമായും എസ്.ആർ.ഐ.റ്റി. യുമായും ഊരാളുങ്കൽ സൊസൈറ്റിക്കു ബന്ധമില്ലെന്ന് അധികൃതർ. ആരോപണങ്ങൾ വ്യാജമെന്ന വിശദീകരണവുമായി ഊരാളുങ്കൽ ചെയർമാൻ പാലേരി രമേശൻ.
എഐ ക്യാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ പരാമർശിക്കപ്പെട്ട എസ്.ആർ.ഐ.റ്റി. എന്ന കമ്പനിയുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിനെ ബന്ധപ്പെടുത്തി ചില ചാനലുകളിലും സോഷ്യൽമീഡിയയിലും വരുന്ന ആരോപണങ്ങൾ വ്യാജമാണെന്നാണ് വിശദീകരണം.
എഐ ക്യാമറ പദ്ധതിയുമായി യുഎല്‍സിസിഎസ്ന് ഒരു ബന്ധവും ഇല്ലെന്നും വ്യക്തമാക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാർ ആരും യുഎല്‍സിസിഎസ് ന്‍റെ ഡയറക്ടർമാരും അല്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂർ ആസ്ഥാനമായ എസ്.ആർ.ഐ.റ്റി. ഒരു ആശുപത്രി സോഫ്റ്റ്‌വെയര്‍ വികസനപദ്ധതി 2016-ൽ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കിയിരുന്നു. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേർന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിന്‍റെ പേരാണ് യുഎല്‍സിസിഎസ് എസ്.ആർ.ഐ.റ്റി. രണ്ടു സ്ഥാപനത്തിലെയും ഡയറക്റ്റർമാർ അതിൽ അംഗങ്ങൾ ആയിരുന്നു. യുഎല്‍സിസിഎസ് എസ്.ആർ.ഐ.റ്റി. -യുടെ ദൗത്യം 2018-ൽ അവസാനിക്കുകയും തുടർന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. യുഎല്‍സിസിഎസ് എസ്.ആർ.ഐ.റ്റി. ഇപ്പോൾ നിലവിലില്ലെന്നും പാലേരി രമേശൻ വ്യക്തമാക്കി.