17 April, 2023 10:15:58 PM
കോട്ടയം മെഡിക്കല്‍ കോളജില്‍ ഇനി വെരിക്കോസ് വെയിന് നീഡില്‍ ഹോള്‍ സര്‍ജറി
അനസ്‌തേഷ്യാ വര്‍ക് സ്റ്റേഷനും വെരിക്കോസ് വെയിന്‍ ചികിത്സാ യന്ത്രവും സ്ഥാപിച്ചു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രധാന ശസ്ത്രക്രിയ വിഭാഗത്തിന് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രവും അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷനും യാഥാര്‍ഥ്യമാക്കി തോമസ് ചാഴികാടന്‍ എംപി. ന്യൂറോ വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് ജര്‍മന്‍ നിര്‍മിത അനസ്‌തേഷ്യാ വര്‍ക്ക് സ്റ്റേഷന് എത്തിച്ചത്. നിലവിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള അനസ്‌തേഷ്യാ മെഷീന്‍ പൂര്‍ണമായും ഉപയോഗശൂന്യമായതിന്റെ പശ്ചാത്തലത്തിലാണ് എംപിയുടെ അടിയന്തര ഇടപെടല്‍.
തോമസ് ചാഴികാടന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ (സി.ഡബ്ല്യു.സി.) സി.എസ്.ആര്‍. ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് വാങ്ങി നല്‍കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാധുനികമായ ലേസര്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്. സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിൽ കൂടുതൽ ചെലവ് വരുന്ന ഈ ചികിത്സ സൗകര്യം പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഇവിടെ നടത്തുവാൻ കഴിയും.
അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍
കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രമുഖമായ ശസ്ത്രക്രിയ വിഭാഗമാണ് ന്യൂറോ സര്‍ജറി. ദിവസവും അഞ്ചിലധികം ശസ്ത്രക്രിയകളാണ് ഈ വിഭാഗത്തില്‍ നടക്കുന്നത്. നിലവിലെ അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍ പഴക്കം ചെന്നതോടെയാണ് ശസ്ത്രക്രിയയുടെ താളം തെറ്റുന്ന അവസ്ഥയിലായിരുന്നു. അനസ്‌തേഷ്യയ്ക്ക് ഉപയോഗിക്കുന്ന വിവിധ വാതകങ്ങള്‍ ചോര്‍ന്ന് ശസ്ത്രക്രിയയില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരും ജീവനക്കാര്‍ക്കും വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകത്ത് ലഭ്യമാകുന്നതില്‍ ഏറ്റവും മികച്ച അനസ്‌തേഷ്യ വര്‍ക്ക് സ്‌റ്റേഷന്‍ വാങ്ങുന്നതിന് തീരുമാനമായത്. നിലവില്‍ രണ്ടു കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് എം.പി. ഫണ്ട് ഉപയോഗിച്ചു കോട്ടയം മെഡക്കല്‍ കോളജില്‍ ഇതുവരെ നടപ്പിലാക്കിയത്.
വെരിക്കോസ് വെയിന്‍ ചികിത്സയില്‍ കുതിച്ചുചാട്ടം
ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രം എത്തുന്നതോടെ വെരിക്കോസ് വെയിന്‍ ചികിത്സയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വേറിട്ട് നില്‍ക്കും. ജര്‍മനിയില്‍ നിര്‍മ്മിച്ച ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ശരീരം തുറന്നുള്ള ചികിത്സയ്ക്ക് അവസാനമാവുകയും നീഡില്‍ ഹോള്‍ (സൂചി ദ്വാര) വഴി ലേസര്‍ രശ്മിയുടെ സഹായത്താല്‍ വെരിക്കോസ് വെയിന്‍ ചികിത്സ സാധ്യമാകും.
നിലവില്‍ വേരിക്കോസ് വെയിന്‍ ശസ്ത്രക്രിയ ശരീരം തുറന്ന് ചെയ്യുമ്പോള്‍ കുറഞ്ഞത് ഒരാഴ്ച ആശുപത്രിയില്‍ കിടക്കുകയും ഒരു മാസത്തിലധികം വീട്ടില്‍ വിശ്രമിക്കുകയും ചെയ്യേണ്ടിവരും. എന്നാല്‍ ആധുനിക ലേസര്‍ ചികിത്സയ്ക്ക് വിധേയരായ രോഗികള്‍ക്ക് അതേ ദിവസമോ പരമാവധി പിറ്റേദിവസമോ ആശുപത്രി വിടാന്‍ സാധിക്കും. ഒരാഴ്ചയ്ക്കകം തന്നെ സാധാരണ ജീവിതം തുടരാനും ഇവര്‍ക്ക് കഴിയും.
കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ (സി. ഡബ്ല്യു. സി. ) സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് യന്ത്രം വാങ്ങിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ വാസ്കുലാർ സർജറി മേധവി ആയിരുന്ന ഡോ. ബിന്നി ജോണിന്റെ അഭ്യർത്ഥന പ്രകാരം സി.ഡബ്ല്യു.സി. ഡയറക്ടര്‍ കെ.വി പ്രദീപ് കുമാറിനോട് തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജ് പി.ടി.എ. ഹാളില്‍ ചേര്‍ന്ന യോഗം തോമസ് ചാഴികാടന്‍ എം.പി. ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ ആര്‍. ശങ്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ ടി. കെ. ജയകുമാര്‍ സി .ഡബ്ല്യു .സി ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാര്‍, ന്യൂറോസർജറി മേധാവിഡോ. പി.കെ. ബാലകൃഷ്ണന്‍, ഡോ. ബിന്നി ജോണ്‍, ഡപ്യൂട്ടി സൂപ്രണ്ട്ഡോ. സാം കൃസ്റ്റി മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.