16 April, 2023 08:03:23 PM
കേരളത്തിലെ ആദ്യ ത്രീ-ഡി കണങ്കാൽ ശസ്ത്രക്രിയ കൊച്ചിയിൽ
കൊച്ചി: കണങ്കാലിലെ ക്ഷതമേറ്റ തരുണാസ്ഥി, സന്ധി മാറ്റി വയ്ക്കാതെ തന്നെ പുനസ്ഥാപിച്ച അപൂർവ ശസ്ത്രക്രിയ കേരളത്തിലാദ്യമായി കൊച്ചിയിൽ വിജയകരമായി നടന്നു.
പ്രമുഖ ഫൂട്ട് ആന്‍റ് ആങ്കിൾ സർജനും ഇന്ത്യൻ ഫൂട്ട് ആന്‍റ് ആങ്കിൾ സൊസൈറ്റി ദേശീയ പ്രസിഡന്‍റുമായ ഡോ. രാജേഷ് സൈമൺ, ആംസ്റ്റർഡാമിലെ ഓർതോപീഡിക് റിസർച് സെന്‍റർ സ്ഥാപകനും മാഡ്രിഡിലെ ഫിഫ മെഡിക്കൽ സെന്‍റേഴ്സ് ഓഫ് എക്സലൻസിലെ വിദഗ്ധനുമായ പ്രൊഫ. നീക് വാൻ ഡെയ്ക്കും ചേർന്നാണ് വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
വാഹനപകടത്തിൽ കണങ്കാലിനു ഗുരുതരമായി പരിക്കേറ്റ കൊച്ചി സ്വദേശിയും ഗോവ ഐഐടി വിദ്യാർത്ഥിയുമായ 28കാരനാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ യുവാവിന്റെ കണങ്കാൽ സന്ധിയുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കി.
സന്ധി മാറ്റിവയ്ക്കൽ ഒഴിവാക്കാൻ സഹായിക്കുന്ന മികച്ച ബദൽ ശസ്ത്രക്രിയയാണിത്. കണങ്കാലിന്‍റെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കാനും വേദന ഇല്ലാതാക്കാനും ഈ നൂതന ശസ്ത്രക്രിയ സഹായിക്കുമെന്ന് ഡോ. നീക് വാൻ ഡെയ്ക്ക് പറഞ്ഞു. കണങ്കാൽ, കാൽമുട്ട് സന്ധികളിലേൽക്കുന്ന പരിക്കുകളാണ് ഈ ചികിത്സയിലൂടെ സുഖപ്പെടുത്തുന്നത്. ഈ സന്ധികളിലെ ഒടിഞ്ഞതോ ചതഞ്ഞതോ ആയ തരുണാസ്ഥികൾ നൂതന സാങ്കേതി വിദ്യയുടെ സഹായത്തോടെ പുനർസൃഷ്ടിച്ച് സന്ധികളുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കുന്നു. സ്വീഡനിൽ നിന്ന് ഇറക്കുമതി ചെയ്ത എപിസീലർ ഇംപ്ലാന്‍റ് ആണ് ഇതിനു ഉപയോഗിക്കുന്നത്.
കണങ്കാലിലോ കാൽമുട്ടിലോ ഏൽക്കുന്ന പരിക്കിന്‍റെ സ്വഭാവത്തിനനുസരിച്ച് ഓരോ രോഗിക്കും ഏറ്റവും അനുയോജ്യമായ രീതിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്യുന്നതാണ് എപിസീലർ ഇംപ്ലാന്‍റും എപിഗൈഡും. എംആർ, സിടി സ്കാനുകളിലൂടെ ലഭിക്കുന്ന ചിത്രങ്ങളുടേയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിക്കേറ്റ തരുണാസ്ഥിയുടെ ഒരു വെർച്വൽ ത്രീ-ഡി മോഡൽ സൃഷ്ടിച്ചാണ് രോഗികളുടെ പരിക്ക് കൃത്യമായി നിർണയിക്കുന്നത്. ശേഷം, പരിക്കേറ്റ ഭാഗം നീക്കം ചെയ്യുന്നതിനും ആ ഭാഗം ഏറ്റവും കൃത്യവും അനുയോജ്യവുമായ ഇംപ്ലാന്‍റ് ഉപയോഗിച്ച് പുനസ്ഥാപിക്കാനും ഉതകുന്ന തരത്തിലാണ് എപിസീലറും മറ്റു ഉപകരണങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. എപിഗൈഡ് ഉപയോഗിക്കുന്നതു വഴി ഇംപ്ലാന്റിനെ ശരിയായി സ്ഥാപിക്കാനും ശസ്ത്രക്രിയയുടെ കൃത്യത വർധിപ്പിക്കാനും സഹായിക്കുന്നുവെന്ന് ഡോ. രാജേഷ് സൈമൺ പറഞ്ഞു.