14 April, 2023 06:44:57 PM
കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താം
തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 140 കിലോമീറ്റര്‍ ദൂരപരിധിക്ക് അപ്പുറത്തേക്ക് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന ഗതാഗത വകുപ്പിന്‍റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ദീര്‍ഘദൂര സര്‍വീസുകളില്‍ നിലവില്‍ പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ക്കാണ് ഉത്തരവ് ബാധകമാകുന്നത്.
കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്തുവരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ക്കൊപ്പം എല്ലാ നിയമങ്ങളും ലംഘിച്ച് അനധികൃതമായി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതായി പരാതികളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് 30 ശതമാനം ഇളവ് കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.
140 കിലോമീറ്ററാണ് സ്വകാര്യ ബസുകള്‍ക്ക് നിശ്ചയിച്ച ദൂരപരിധി. എന്നാല്‍ പല ബസുകളും ദൂരം കണക്കാക്കാതെ സര്‍വീസ് നടത്തുന്നുവെന്നായിരുന്നു പരാതി. നിയമലംഘനം തുടര്‍ന്നതിനാല്‍ ഇത്തരം ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്.