14 April, 2023 09:44:46 AM
സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു
കോട്ടയം: കേരളത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരില്‍ വന്ന കുറവ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. പുനര്‍നവ പ്രോജക്ടിന്‍റെ ഭാഗമായി കേരളത്തില്‍ അങ്ങോളമിങ്ങോളമായി ആയുര്‍വേദ ആശുപത്രികളില്‍ നിയമിക്കപ്പെട്ടിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ജീവനക്കാരാണ് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നത്. ഇവരുടെ സേേവനം നിലച്ചതോടെ പല ആശുപത്രികളിലും ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളുമുള്‍പ്പെടെ ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയാണുളളത്.
കോട്ടയം നഗരത്തിലെ വയസ്ക്കരക്കുന്നില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ തന്നെ നാലു ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കുമാണ് ജോലി നഷ്ടമായിരിക്കുന്നത്. എന്നാല്‍ ഇവരുടെ സേവനം തുടര്‍ന്നും ലഭിക്കാനുളള നടപടികള്‍ സ്വീകരിക്കാത്തതിനാൽ രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കൃത്യമായ തുടർചികിത്സ രോഗികൾക്ക് കിട്ടാതെ പോകുന്നു എന്നതാണ് ഏറെ പ്രധാനം. തെറാപ്പിസ്റ്റുകളുടെ എണ്ണം കുറഞ്ഞതു കൊണ്ട് രോഗികള്‍ക്ക് തിരുമ്മു ചികിത്സയും കിട്ടാതെ പോകുന്നു. ഇതൊക്കെ രോഗികളില്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നു.