10 April, 2023 12:11:06 PM
സ്വര്‍ണവില റെക്കോര്‍ഡിലേക്ക്; പാരമ്പര്യ ആഭരണതൊഴിലാാളികള്‍ പട്ടിണിയിലും
കോഴിക്കോട് : സ്വര്‍ണവില റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോഴും സ്വര്‍ണകട്ടികളില്‍ കരവിരുതിന്‍റെ വിസ്മയം തീര്‍ക്കുന്ന പാരമ്പര്യ ആഭരണതൊഴിലാാളികള്‍ വിസ്മൃതിയിലാവുന്നു. വന്‍കിട കുത്തകകള്‍ കടന്നുവന്നതും, സ്വര്‍ണവില കുതിക്കുന്നതുമെല്ലാം സ്വര്‍ണപണിക്കാരുടെ അടുക്കള വറുതിയിലാക്കി.
സ്വര്‍ണവില കൂടിയതോടെ സാധാരണക്കാര്‍ സ്വര്‍ണം വാങ്ങുന്നത് ഉപേക്ഷിക്കുകയും ചെയ്തതോടെ തൊഴിലാളികളുടെ തൊഴിലില്ലാതാവുകയും ചെയ്തു. ദിവസവും ആയിരക്കണക്കിന് രൂപ വരുമാനമുണ്ടായിരുന്നവരാണ് ഇപ്പോള്‍ നിത്യവൃത്തിക്ക് വഴിയില്ലാതെ കൂലി പണിക്കും മറ്റും പോകുന്നത്.
ആഭരണ നിര്‍മാണത്തിനായി പുതിയ യന്ത്രങ്ങളുടെ കടന്നു വരവും ഇവരുടെ തൊഴില് മേഖല നിശ്ചലമാക്കി. തമിഴ് നാട്ടിലെ ചെന്നൈ, ടി നഗര്‍, ബംഗാളിലെ കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വന്‍കിട ജ്വലറികളിലേക്ക് യന്ത്രവത്കൃത ആഭരണങ്ങള്‍ ഒഴുകിയെത്തി.
സ്വര്‍ണം ഉരുക്കുന്നതിന് ആവശ്യമായ വാണിജ്യ ഗ്യാസ് ഉള്‍പ്പെടെയുള്ളവയുടെ ഭീമമായ വിലവര്‍ദ്ധനവും ഈ മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി. പാരമ്പര്യ തൊഴില്‍ പ്രതിസന്ധിയിലായതോടെ പുതതലമുറ ഈ മേഖലയിലേക്ക് കടന്നുവരുന്നുമില്ല.
ജ്വല്ലറികള്‍ നടത്തുന്ന കടുത്ത ചൂഷണവും തൊഴിലാളികളെ വല്ലാതെ വലക്കുന്നു. ഉപഭോക്താവില്‍ നിന്നും പണിക്കൂലിയുടെ പേരില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ കൂടുതൽ ജ്വല്ലറികള്‍ ഈടാക്കുമ്പോൾ തൊഴിലാളികള്‍ക്ക് വെറും 2 മുതല്‍ 4 ശതമാനം വരെ മാത്രമാണ് മിക്കവരും നല്‍കുന്നത്.
സ്വര്‍ണം ഉരുക്കി ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗവും, നിരന്തരമായി ഇരുന്നുള്ള ജോലിയും ഇവര്‍ക്ക് ഏറെ ആരോഗ്യപ്രശ്നങ്ങള്‍ സൃഷിടിക്കുന്നു. കാലങ്ങളായി ചെയ്തു വരുന്ന കുലതൊഴില്‍ എന്നന്നേക്കുമായി അവസാനിക്കുമോ എന്ന ആശങ്കയി ഓരോ തൊഴിലാളിക്കുമുണ്ട്.