07 April, 2023 09:43:47 AM


സമൂഹമാധ്യമങ്ങളില്‍ വൈറലായി അധ്യാപകന്‍റെ വേനലവധി നിര്‍ദേശങ്ങള്‍



കോട്ടയം: വേനലവധിക്ക് പോകുന്ന കുട്ടികള്‍ക്ക് അധ്യാപകന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേമായിക്കൊണ്ടിരിക്കുകയാണ്. ഒരു നിമിഷം കിട്ടിയാല്‍ മൊബൈല്‍ ഫോണിന്‍റെ പിന്നാലെ പോകുന്ന ഒരു തലമുറയാണിന്ന്. മൊബൈലിന്‍റെ പിന്നാലെ പോകുന്നതിലൂടെയുണ്ടാകുന്ന ദൂഷ്യങ്ങള്‍ ഏറെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അധ്യാപകന്‍റെ നിര്‍ദേശം ഏറെ പ്രസക്തമാവുകയാണ്. 


മൊബൈലുകള്‍ക്കും മുന്‍പ് പഴയകാലത്ത്, ഇന്നത്തെ കുട്ടികളുടെ മാതാപിതാക്കളുടെയാക്കെ പഠനകാലത്ത് അവര്‍ അവധിക്കാലത്ത് എങ്ങനെ ചിലവഴിച്ചു എന്നതിലേക്കുളള ഒരുതിരിച്ചു പോക്കാണ് കുട്ടികളോട് അധ്യാപകന്‍ നിര്‍ദ്ധേശിച്ചിരിക്കുന്നത്. അധ്യാപകന്‍റെ നിര്‍ദേശങ്ങള്‍ വളരെ കാര്യമാത്രപ്രസക്തമായ കാര്യങ്ങളാണ്. കുട്ടികളുടെ അറിവും ചിന്താശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കുന്നതിന് ഉതകുന്നവിധത്തിലാണ് സന്ദേശങ്ങള്‍.


ചെന്നിത്തല നവോദയ സ്കൂളിലെ ഒരു അധ്യാപകനാണ്  വേനലവധിക്ക് പോകുന്ന കുട്ടികൾക്ക് നിര്‍ദേശവുമായി അവധിക്ക് പോകുന്നതിന്‍റെ തലേദിവസം ഓരോ ക്ലാസിലും ചെന്നും നിര്‍ദേശിച്ചത്. നിര്‍ദേശങ്ങള്‍ താഴെ പറയുന്നവയാണ്.

1. എല്ലാദിവസവും പത്രം വായിക്കണം. കൂടാതെ,ഇഷ്ടമുണ്ടെങ്കിൽ നോവൽ, കഥ, കവിത, നാടകം തുടങ്ങിയവയും വായിക്കുക.

2. വൈകുന്നേരം, പൊതു കളിസ്ഥലത്തോ, പറമ്പിലോ മറ്റു കുട്ടികളുമായി പ്രത്യേകിച്ച് അയൽവാസികളായ കുട്ടികളുമായി, ഒന്നിച്ച് ഒരു മണിക്കൂറെങ്കിലും ശരീരം വിയർക്കുന്ന ഏതെങ്കിലും കളികളിൽ ഏർപ്പെടുക.
3. കല്യാണവീടുകളിൽ തലേദിവസം പോയി സഹകരിക്കുക, ഇല തുടക്കൽ , കസേര നിരത്തൽ, ചെറിയ ചെറിയ വിളമ്പൽ ജോലികൾ എന്നിവയിൽ ഏർപ്പെടുക. അതുവഴി ധാരാളം പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാം. മരണം നടന്ന വീട്ടിൽ അടക്കം പോകണം, അവശ്യമെങ്കിൽ സഹകരിക്കണം.
4. എല്ലാദിവസവും വൈകുന്നേരം, മുത്തച്ഛൻ, മുത്തശ്ശി,അച്ഛൻ, അമ്മ, സഹോദരങ്ങൾ, വീട്ടിലെ മറ്റ് അംഗങ്ങൾ എന്നിവർക്കൊപ്പം ഒരു മണിക്കൂറെങ്കിലും ഒന്നിച്ചിരുന്ന് സമയം ചെലവഴിക്കുക. (ആ സമയത്ത് ആരുടെ കയ്യിലും മൊബൈൽഫോൺ പാടില്ല)
5. നാട്ടിൽ നടക്കുന്ന എല്ലാ ഉത്സവം, പെരുന്നാൾ, കലാ-കായിക ആഘോഷങ്ങളിലും പങ്കെടുക്കുക, സഹകരിക്കുക.
6. അടുക്കള പണിയിലും  കൃഷിയിലും മറ്റും വീട്ടുകാരെ സഹായിക്കുക.
7. നീന്തൽ, മരം കേറ്റം തുടങ്ങിയ സോഷ്യൽ സ്കില്ലുകൾ മുതിർന്നവരുടെ സാന്നിധ്യത്തിൽ പരിശീലിക്കുക.
8. സീസണൽ ഫ്രൂട്സ് ചക്ക, മാങ്ങ, പേര, ചാമ്പക്ക, ഞാവൽ പഴം, നെല്ലിക്ക തുടങ്ങിയവയുടെ വെറൈറ്റികൾ നാട്ടിൽ നിന്ന് തന്നെ ശേഖരിച്ച്, ആസ്വദിക്കുക, പരമാവധി കാശുകൊടുത്ത് വാങ്ങാതിരിക്കുക.
9. ബന്ധുമിത്രാദികളുടെ വീടുകളിൽ സന്ദർശനം നടത്തുക. പ്രത്യേകിച്ച്, പ്രായം ചെന്നവരുടെ അടുക്കൽ ചെന്ന് കുറച്ചുസമയം അവരെ കേൾക്കുക.
10. ഇതൊക്കെ ചെയ്ത്കഴിഞ്ഞ് സമയമുണ്ടെങ്കിൽ കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ സമയം ചെലവഴിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K