05 April, 2023 10:50:21 PM
ട്രെയിനിൽ ഭക്ഷണം നല്‍കുന്നതില്‍ വീഴ്ച: വിൽക്കുന്നത് നിലവാരം കുറഞ്ഞ ആഹാരസാധനങ്ങൾ
കൊച്ചി: ട്രെയിന്‍ യാത്രക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തി റെയില്‍വേ. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സൗജന്യമായി ഭക്ഷണം കിട്ടുമെന്ന അറിയിപ്പ് വിശ്വസിച്ച് യാത്ര പുറപ്പെടുന്നവർ വഞ്ചിതരാകുന്ന അവസ്ഥയാണ് ദീർഘദൂരവണ്ടികളിൽ കാണുന്നത്. രാത്രിയിൽ യാത്ര ചെയ്യുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്.
ഭക്ഷണം ലഭിക്കാതെ വന്നതിനെ തുടർന്നു ജീവനക്കാരുമായി കലഹിക്കുന്ന യാത്രക്കാരെയാണ്
ഇന്ന് എറണാകുളത്തു നിന്ന് ലോകമാാന്യതിലക് വരെ പോകുന്ന ദുരന്തോ എക്സ്പ്രസിൽ കാണാനായത്. ടിടിഇയോടും കാറ്ററിംഗ് ജീവനക്കാരോടും ചോദിച്ചു ഉറപ്പു വരുത്തിയാണ് പലരും രാത്രി 9.30ന് പുറപ്പെട്ട ട്രെയിനിൽ കയറിയത്. എറണാകുളം വിട്ടാൽ 12.30ന് കോഴിക്കോട് മാത്രമാണ് ഈ ട്രെയിനിനു സ്റ്റോപ്പ്. പക്ഷെ ട്രെയിൻ പുറപ്പെട്ടു കഴിഞ്ഞപ്പോൾ 150 രൂപ വിലക്ക് പാക്കറ്റ് ഭക്ഷണവുമായി എത്തിയ കാറ്ററിംഗ് ജീവനക്കാരെയാണ് യാത്രക്കാർക്കു കാണാനായത്.
ഇത് ചോദ്യം ചെയ്ത യാത്രികരോട് തട്ടികയറുന്ന ജീവനക്കാരെയും കാണാനായി. ജീവനക്കാർ എല്ലാം ഉത്തരേന്ത്യക്കാർ ആയതിനാൽ ഭാഷയും ചിലർക്ക് പ്രശ്നമായി. മറ്റു മാർഗമൊന്നുമില്ലാതെ വന്നതോടെ വൻ വില കൊടുത്ത് കിട്ടിയ ഭക്ഷണം വാങ്ങി കഴിക്കുകയായിരുന്നു സ്ത്രീകളും കൊച്ചു കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ. തര്‍ക്കത്തിനിടയിൽ ഭക്ഷണം ട്രെയിനിൽ ലഭിക്കുമെന്ന് പറഞ്ഞ ടിടിഇ യും മലക്കം മറിഞ്ഞു.
ഇതേ സമയം താങ്ങാനാവാത്ത നിരക്കില്‍ വിൽക്കുന്ന ലഘുഭക്ഷണങ്ങൾ ഗുണനിലവാരം തീരെ കുറഞ്ഞതാണെന്നും പരാതി ഉയർന്നു. അവസാനം ഗതികെട്ട ചില യാത്രക്കാര്‍ കിട്ടിയ ലഘുഭക്ഷണങ്ങള്‍ വാങ്ങി കഴിച്ചു വിശപ്പടക്കിയപ്പോൾ മറ്റു ചിലർ സൗജന്യമായി കിട്ടിയ ഒരു കുപ്പി വെള്ളം കുടിച്ചുകൊണ്ട് യാത്ര തുടർന്നു.