28 March, 2023 11:53:45 AM


ഇന്നച്ഛന് വിട ചൊല്ലി കലാകേരളം; സംസ്കാരം വൻ ജനാവലിയെ സാക്ഷിയാക്കി നടന്നു



തൃശൂര്‍: മലയാളത്തിന്‍റെ പ്രിയപ്പെട്ട ഇന്നസെന്‍റിന് വിട ചൊല്ലി കലാകേരളം. സംസ്കാരം വൻ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിൽ നടന്നു. 


വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നൂറുകണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിലെ കല്ലറയിലേക്ക് കൊണ്ട് പോയത്. സിനിമാ, രാഷ്ട്രീയ സാംസ്കാരിക ലോകത്തെ പ്രമുഖരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. 


കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും വീട്ടിലുമെത്തി ആയിരക്കണക്കിനാളുകളാണ് പ്രിയപ്പെട്ട ഇന്നച്ഛന് അന്ത്യാഞ്ജലി നേർന്നത്. 


മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്‍റിന്‍റെ വിയോഗം ഇനിയും ഉൾക്കൊള്ളാൻ പ്രിയപ്പെട്ടവ‍ർക്ക് സാധിച്ചിട്ടില്ല. പലരും കണ്ണീർ വാർത്തു. 


മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, കാവ്യ സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, ലാൽ തുടങ്ങി സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ഇന്നസെന്‍റിനെ അവസാനമായി ഒരു നോക്കു കാണാനെത്തി. 


അഭിനേതാവ് എന്നതിനൊപ്പം വലിപ്പച്ചെറുപ്പമില്ലാതെ മലയാള സിനിമാ ലോകത്തെ ഒന്നടക്കം ചേർത്തു പിടിച്ച വ്യക്തിത്വങ്ങളിലൊരാളെന്നാണ് ഇന്നസെന്‍റെന്നാണ് സഹപ്രവർത്തകർ ഓർമ്മിക്കുന്നത്. 


സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് പ്രസിഡന്‍റ് പദവിയിൽ പതിനെട്ട് വർഷത്തോളം കാലയളവിൽ അദ്ദേഹമിരുന്നതിന് കാരണവുമതാണ് ആർക്കും എപ്പോഴും കയറിച്ചെല്ലാൻ കഴിയുന്നൊരിടമായിരുന്നു ഇന്നസെന്‍റ് എന്ന വ്യക്തിയും അദ്ദേഹത്തിന്‍റെ 'പാർപ്പിടം' എന്ന വീടുമെന്ന് സഹപ്രവർത്തകര്‍ ഓർമ്മിക്കുന്നു. ആ വീട്ടിൽ നിന്നും ഇന്നച്ഛൻ ഇന്ന് അവസാനം വിടപറഞ്ഞപ്പോൾ ജനം തേങ്ങലടക്കി. 


750 ഓളം ചിത്രങ്ങളിൽ നിറസാന്നിധ്യമായിരുന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട ഇന്നച്ചന്‍റെ മത്തായിച്ചേട്ടനെയും വാര്യരെയും കിട്ടുണ്ണിയേട്ടനെയുമൊന്നും ഒരുകാലത്തും മലയാളിക്ക് മറക്കാനാകില്ല. 1972 -ൽ 'നൃത്തശാല' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അദ്ദേഹം അര നൂറ്റാണ്ട് കാലമാണ് മലയാളത്തെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും. കാൻസർ രോഗത്തെ അതിജീവിച്ച് വീണ്ടും മലയാളിക്ക് മുന്നിൽ നിറ ചിരിയോടെയെത്തിയ ഇന്നച്ഛനെ മരണം കവർന്നെടുത്തെങ്കിലും കഥാപാത്രങ്ങളിലൂടെ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K