27 March, 2023 09:35:47 AM


അഷ്ടമുടി, വേമ്പനാട് കായലുകളിലെ മലിനീകരണം: സംസ്ഥാന സർക്കാരിന് 10 കോടി രൂപ പിഴ



തിരുവനന്തപുരം: വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം തടയുന്നതിൽ നടപടിയെടുക്കാത്തതിന് ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് പത്തു കോടി രൂപ പിഴ വിധിച്ചു. തുക ഒരുമാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ ഉറപ്പുവരുത്തുകയും ശുചീകരണത്തിനുള്ള കര്‍മപദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്.

പരിസ്ഥിതിപ്രവര്‍ത്തകനായ കെ.വി. കൃഷ്ണദാസ് സര്‍ക്കാരിനെതിരേ നല്‍കിയ കേസില്‍ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആറുമാസത്തിനുള്ളില്‍ കര്‍മപദ്ധതി നടപ്പാക്കുകയും അതിനുള്ളില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്ന് പിഴത്തുക ഈടാക്കണമെന്നും നിര്‍ദേശിച്ചു.

രണ്ടു കായലുകള്‍ക്കും ചുറ്റുമുള്ള സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും മാലിന്യസംസ്‌കരണത്തിനു നടപടിയെടുക്കുന്നതില്‍ വീഴ്ചവരുത്തിയതായി ട്രിബ്യൂണല്‍ വിലയരുത്തി.100 മില്ലിലിറ്റര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ എണ്ണം അഞ്ഞൂറില്‍ താഴെയായിരിക്കണം. എന്നാൽ ഇരുകായലുകളിലെയും വെള്ളം പരിശോധിച്ചപ്പോള്‍ 100 മില്ലിലിറ്ററില്‍ രണ്ടായിരത്തി അഞ്ഞൂറിലധികമാണ് ഇതിന്റെ എണ്ണമെന്നു കണ്ടെത്തി.

കായല്‍മലിനീകരണത്തിനെതിരേയുള്ള കേസ് 2022 ഫെബ്രുവരി 28-ന് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K