26 March, 2023 08:22:49 PM


ബി ജെ പി സംസ്ഥാന പ്രസിഡന്‍റ്: സെന്‍കുമാറും ശോഭ സുരേന്ദ്രനും രമേശും പരിഗണനയിൽ

- സ്വന്തം ലേഖകന്‍



തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് കേരളത്തില്‍ നേതൃമാറ്റം ആലോചിക്കുന്ന ബിജെപി ദേശീയ നേതൃത്വത്തിന്‍റെ നീക്കം തനിക്കെതിരാണെന്ന് തിരിച്ചറിഞ്ഞ് ശോഭാ സുരേന്ദ്രനെ വെട്ടാന്‍ കെ സുരേന്ദ്രന്‍റെ നീക്കം. എന്നാല്‍ പതിവുപോലെ അതിനു പിന്തുണ നല്‍കാതെ സ്വന്തം നില ഭദ്രമാക്കാനുള്ള കരുനീക്കങ്ങളുമായി വി മുരളീധരന്‍. കേരളത്തില്‍  ബിജെപിക്കുള്ളിലെ പോര് പുതിയ തലങ്ങളിലേക്ക്.

ഇതിലൊന്നും തലവയ്ക്കാതെ കേന്ദ്ര നേതൃത്വത്തില്‍ പ്രതീക്ഷ വച്ച് നില്‍ക്കുകയാണ് ശോഭാ സുരേന്ദ്രനും എം ടി രമേശും മുന്‍ ഡിജിപി ടി പി സെന്‍കുമാറും. വന്‍ പരാജയമായി മാറിയ സുരേന്ദ്രനെ മാറ്റി ശോഭയെയോ രമേശിനെയോ സെന്‍കുമാറിനെയോ പ്രസിഡന്‍റാക്കാനാണ് നീക്കം. എന്നാല്‍ മേയില്‍ രാജ്യസഭാ കാലാവധി കഴിയുന്ന വി മുരളീധരന്‍ ഒരിക്കല്‍ക്കൂടി സംസ്ഥാന പ്രസിഡന്‍റാകാനുള്ള കരുനീക്കത്തിലാണ്.

ഒരിക്കല്‍ക്കൂടി മറ്റേതെങ്കിലും സംസ്ഥാനത്തു നിന്ന് രാജ്യസഭയില്‍ എത്തിച്ച് കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് മുരളീധരനെ നിലനിര്‍ത്താന്‍ ദേശീയ നേതൃത്വത്തിനു താല്‍പര്യമില്ല. 2024ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍  നിന്നു ജയിച്ച് ലോക്‌സഭയില്‍ എത്താനാണ് നിര്‍ദേശം. അതു നടക്കുന്ന കാര്യമല്ല എന്നുറപ്പുള്ളതുകൊണ്ടാണ് സംസ്ഥാന പ്രസിഡന്‍റാകാന്‍ ശ്രമിക്കുന്നത്. മുമ്പ് പ്രസിഡന്റായിരിക്കെ ഒരു മുന്നറിയിപ്പുമില്ലാതെ മാറ്റിയിട്ടാണ് പകരം കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കിയത്. കുറേക്കാലം ഒരു സ്ഥാനവമില്ലാതെ നടന്ന ശേഷമാണ് രാജ്യസഭാംഗമാക്കിയതും രണ്ടാം മോദി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയാക്കിയതും.

എന്നാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് അതുകൊണ്ട് യാതൊരു ഗുണവും ഉണ്ടാക്കാന്‍ മുരളീധരനു സാധിച്ചില്ല എന്നാണ് വിലയിരുത്തല്‍. നേമത്ത് ഒരു എംഎല്‍എ ഉണ്ടായിരുന്നതുകൂടി ഇല്ലാതാവുകയും ചെയ്തു. കെ സുരേന്ദ്രന് കാലാവധി നീട്ടിക്കൊടുത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ദേശീയ നേതൃത്വം ആലോചിച്ചെങ്കിലും ഇപ്പോള്‍ വീണ്ടുവിചാരത്തിലാണ്. കേരളത്തില്‍ ജയം ഉറപ്പാക്കാന്‍  സുരേന്ദ്രന്‍റെ നേതൃത്വം പോരാ എന്ന റിപ്പോര്‍ട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്ന്  മോദിക്കും അമിത് ഷായ്ക്കും കിട്ടിയതാണു കാരണം. ഈ അവസരം മുതലാക്കാനാണ് മുരളീധരന്‍റെ ശ്രമം. ഇതോടെ ഏറെക്കാലമായി കേരളത്തിലെ മറ്റു നേതാക്കളെ വെട്ടാന്‍ ഒന്നിച്ചു നിന്ന മുരളീധരനും സുരേന്ദ്രനും രണ്ടു തട്ടിലാവുകയാണ്.

ടി പി സെന്‍കുമാര്‍, ശോഭാ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരാണ് കേന്ദ്ര നേതൃത്വം പരിഗണിക്കുന്ന നേതാക്കള്‍. ഇവരില്‍ ആദ്യത്തെ രണ്ടില്‍ ആര് പ്രസിഡന്‍റായാലും ഗ്രൂപ്പ് വിഭാഗീയത ഉണ്ടാകില്ല എന്നാണ് കണക്കുകൂട്ടുന്നത്. എം ടി രമേശ് പി കെ കൃഷ്ണദാസ് ഗ്രൂപ്പിന്‍റെ ഭാഗമാണ്.

മൂന്നു മാസം കഴിഞ്ഞു നടക്കുന്ന വനിതാ സംഗമത്തിന്റെ ആലോചനയ്ക്ക് ഞായറാഴ്ച തൃശൂരില്‍ വിളിച്ച വനിതാ നേതാക്കളുടെ യോഗത്തില്‍ ശോഭാ സുരേന്ദ്രനെ പരോക്ഷമായി കുത്തി സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കേരള പ്രഭാരെ പ്രകാശ് ജാവദേക്കര്‍ക്കും മറ്റും അനിഷ്ടമുണ്ട്. മുമ്പ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ചില വനിതാ നേതാക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് പറഞ്ഞത്. എന്നാല്‍, ശോഭയോ സുരേന്ദ്രനോ അല്ല പാര്‍ട്ടിയാണ് പ്രധാനം എന്നാണ് ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്.

ശോഭാ സുരേന്ദ്രന്‍ പ്രസിഡന്റാകുന്നതു തടയുന്നതിന് അവരെ പ്രകോപിപ്പിക്കാനുള്ള ശ്രമം ഇതോടെ പൊളിഞ്ഞു. ഒരു കസേരയുമില്ലെങ്കിലും താന്‍ പ്രവര്‍ത്തിക്കുമെന്നും ശോഭ പറഞ്ഞു. പാര്‍ട്ടിയെ ഒന്നിപ്പിച്ചു നിര്‍ത്താനും മുതിര്‍ന്ന നേതാക്കളെ കൂടെ നിര്‍ത്താനും ശ്രമിക്കുന്നതിനു പകരം സംസ്ഥാന പ്രസിഡന്‍റ് തന്നെ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന വികാരമാണ് സുരേന്ദ്രന്‍റെ പരാമര്‍ശം പൊതുവേ ഉണ്ടാക്കിയിട്ടുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K