26 March, 2023 01:32:43 PM
'കൈക്കൂലി കേസ് ഒതുക്കാന്‍ കൈക്കൂലി': വിജിലൻസ് ഡിവൈഎസ്പിക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്പെഷ്യൽ സെൽ ഡിവൈഎസ്പിയായ വേലായുധൻ നായരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. 25,000 കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണനിൽ നിന്നാണ് ഡിവൈഎസ്പി 50,000 രൂപ കൈക്കൂലി വാങ്ങിയത്. ആഭ്യന്തരവകുപ്പിന്‍റേതാണ് വേലായുധൻ നായരെ സസ്പെൻഡ് ചെയ്തുള്ള നടപടി.
നാരായണൻ സ്റ്റാലിനിൽ നിന്ന് മറ്റൊരു കേസിൽ വേലായുധൻ നായർ കൈക്കൂലി വാങ്ങിയിരുന്നു. നാരായണൻ സ്റ്റാലിന്‍റെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കൈക്കൂലി വിവരം മനസ്സിലായത്. വേലായുധൻ നായരുടെ മകന്‍റെ അക്കൗണ്ടിലേക്കാണ് 50,000 രൂപ വാങ്ങിയത്. ഈ കേസിൽ നാരായണന് അനുകൂലമായ റിപ്പോർട്ട് ആണ് വേലായുധൻ നായർ നൽകിയത്.
അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ. അതേസമയം, വേലായുധൻ നായർ ഇപ്പോഴും ഒളിവിലാണ്. മാർച്ച് 23 നാണ് വേലായുധൻനായരെ കാണാതാകുന്നത്. വിജിലൻസ് പരിശോധനയക്കിടെയാണ് വേലായുധൻ നായർ കടന്നുകളഞ്ഞത്. സ്റ്റേറ്റ്മെന്റിൽ ഒപ്പുവച്ചശേഷം വീടിനു പിന്നിലേക്ക് പോയ ഇദ്ദേഹത്തെ പിന്നെ കാണാതായി എന്നാണ് വിജിലൻസ് സംഘം കഴക്കൂട്ടം പോലീസിൽ റിപ്പോർട്ട് ചെയ്തത്.
നാരായണന്‍റെ ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിന് നേതൃത്വം കൊടുത്തത് ഡിവൈഎസ്പിയായിരുന്ന വേലായുധൻ നായരാണ്. നാരായണന്‍റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയപ്പോഴാണ് വേലായുധൻ നായർ കൈക്കൂലി വാങ്ങിയതിന്‍റെ തെളിവുകൾ ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും വേലായുധൻ നായരുടെ മകന്‍റെ അക്കൗണ്ടിലേക്ക് 50,000 രൂപ നാരായണൻ കൈമാറിയതായി കണ്ടെത്തി.