11 March, 2023 04:18:12 PM
വൃക്കയും കരളും വില്‍ക്കാനായി വീട്ടുപടിക്കല്‍ ബോര്‍ഡ് സ്ഥാപിച്ച് ദമ്പതികള്‍
തിരുവനന്തപുരം: സാമ്പത്തികബുദ്ധിമുട്ട് ഏറിയതോടെ സ്വന്തം വൃക്കയും കരളും വില്‍പ്പനയ്ക്ക് വെച്ച് മധ്യവയസ്കന്‍. തിരുവനന്തപുരം മണക്കാടാണ് സംഭവം. വൃക്കയും കരളും വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡും താന്‍ താമസിക്കുന്ന വാടകവീടിനുമുന്നില്‍ ഇദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മണക്കാട് വാടകയ്ക്ക് താമസിക്കുന്ന സുധി എന്ന സന്തോഷ്കുമാര്‍ (50) ആണ് നിവൃത്തികേടിന്‍റെ പേരില്‍ ഇത്തരമൊരു ബോര്‍ഡ് പ്രദര്‍ശിപ്പിച്ചത്.
മണക്കാട് ജംഗ്ഷനില്‍ അര സെന്‍റ് സ്ഥലത്ത് ഒരു പെട്ടിക്കടയായിരുന്നു സന്തോഷ്കുമാറിന്‍റെ ഉപജീവനമാര്‍ഗം. അമ്മ കാന്‍സര്‍ ബാധിതയായപ്പോള്‍ ഈ സ്ഥലം അമ്മയുടെ പേരില്‍ എഴുതിവെച്ചുവെന്നും പിന്നീട് സഹോദരന്‍ ഇവിടം കയ്യേറിയെന്നും സന്തോഷ്കുമാറിന്‍റെ ഭാര്യ ഷീല കൈരളി വാര്‍ത്തയോട് പറഞ്ഞു. ഇതോടെ ഏകവരുമാനമാര്‍ഗം നിലച്ചു. ഇതിനുശേഷം എയര്‍പോര്‍ട്ടില്‍ താത്ക്കാലിക ജോലിയുണ്ടായിരുന്നുവെങ്കിലും പിന്നീട് അതും നഷ്ടമായി.
തന്‍റെ സ്ഥലം വിട്ടുകിട്ടുന്നതിനും ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും മുഖ്യമന്ത്രി ഉള്‍പ്പെടെ പലര്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചുവെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് രണ്ട് ഫോണ്‍ നമ്പരുകള്‍ സഹിതം തന്‍റെ അവയവങ്ങല്‍ വില്‍ക്കാനുണ്ട് എന്ന ബോര്‍ഡ് സന്തോഷ്കുമാര്‍ സ്ഥാപിച്ചത്. എന്നാല്‍ ഈ ബോര്‍ഡ് പല തെറ്റിദ്ധാരണകള്‍ക്കും വഴിവെച്ചു. ഇതോടെ കഴിഞ്ഞ ദിവസം വീട്ടുടമ എത്തി ബോര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഫോര്‍ട്ട് പോലീസും സ്ഥലത്തെത്തി ഇത് നിയമവിരുദ്ധമാണെന്ന് വീട്ടുകാരെ അറിയിച്ചു. ഇതോടെ ബോര്‍ഡ് മാറ്റാനൊരുങ്ങുകയാണ് ഈ ദമ്പതികള്‍.