07 March, 2023 12:03:59 PM


സി.എം. രവീന്ദ്രൻ ഇഡി ഓഫീസില്‍; ഹാജരായത് ഹൈക്കോടതി ഇടപെടലിനെതുടർന്ന്



കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. രണ്ടാം തവണയാണ് ഇ.ഡി. നോട്ടീസ് അയച്ച് രവീന്ദ്രനെ വിളിപ്പിക്കുന്നത്. ആദ്യം നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല.

ആദ്യ നോട്ടീസിൽ ഫെബ്രുവരി 27 -ന് ഹാജരാകാനായിരുന്നു നിർദേശം. നിയമസഭാ സമ്മേളനമാണെന്നും ജോലിത്തിരക്കാണെന്നുമായിരുന്നു രവീന്ദ്രന്റെ മറുപടി.  പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്.

കോഴ നൽകിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ തുടങ്ങിയവ അറിയാനാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. നേരത്തേ സ്വർണക്കടത്ത് കേസിൽ മൂന്നുതവണ നോട്ടീസ് അയച്ചപ്പോൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് ഹാജരായത്.

സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രൻ സ്വീകരിച്ചിരുന്നത്. എന്നാൽ ഇവർ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങൾ ഇ ഡി ശേഖരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇ ഡി ചോദ്യം ചെയ്യാനിടയുണ്ട്. രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യംചെയ്യലിനു വിഷയമാകാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K