06 March, 2023 07:41:04 PM
ക്ഷേത്രങ്ങളിലെ 'ജാതിത്താലം' പോലെയുള്ള അനാചാരങ്ങളെ പ്രതിരോധിക്കും - ഇസ്കഫ്
ഏറ്റുമാനൂർ : കേരളീയ സമൂഹത്തിൽ ക്ഷേത്ര ഉത്സവങ്ങളുടെയും വിശ്വാസങ്ങളുടെയും മറവിൽ നടത്തി വരുന്ന ജാതിത്താലം പോലെയുള്ള അനാചാരങ്ങൾക്കെതിരെ നവോത്ഥാന നായകരുടെ ചരിത്രത്തെ മുൻ നിർത്തി സാംസ്കാരിക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധം സൃഷ്ടിക്കാൻ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് - ഇസ്കഫ് ജില്ലാ യോഗം തീരുമാനിച്ചു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഓരോ ഉത്സവദിവസവും ജാതി തിരിഞ്ഞ് താലപ്പൊലിഘോഷയാത്രയും മറ്റ് പരിപാടികളും നടത്തുന്നത് ഉദാഹരണമായി യോഗം ചൂണ്ടിക്കാട്ടി.
ജാതി നശീകരണ പ്രവർത്തനങ്ങളെ ഒരു പ്രസ്ഥാനമായി വളർത്തിയെടുത്ത സഹോദരൻ അയ്യപ്പന്റെ സ്മരണ പുതുക്കുന്നതിനായി ചേർന്ന അനുസ്മരണ സമ്മേളനം ഇസ്കഫ് സംസ്ഥാന പ്രസീഡിയം അംഗം ഡോ.പി.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഭ്യസ്തവിദ്യരായ പുതിയ തലമുറയെ ജാതി ചിന്തയ്ക്കെതിരെ ചിന്തിപ്പിക്കാനും പ്രവർത്തിപ്പിക്കാനും പ്രാപ്തമാക്കേണ്ട ഉത്തരവാദിത്വമാണ് സാംസ്കാരിക പ്രസ്ഥാനങ്ങൾ നിർവ്വഹിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ മുഖ്യപ്രഭാഷണം നടത്തി.
ലോയേഴ്സ് ചേമ്പർ ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്‍റ് പി.എസ്.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വൈ. പ്രസാദ്, സംസ്ഥാന ട്രഷറർ റോജൻ ജോസ് , അഡ്വ.സി.ആർ.സിന്ധു മോൾ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രാജേഷ് രാജൻ, ബേബി ജോസഫ് , ജില്ലാ നേതാക്കളായ എം.വി. കണ്ണൻ, അഖിൽ വിഷ്ണു, ബിന്ദു കെറ്റി, ലിജോയ് കുര്യൻ, ഇ.ആർ.പ്രകാശ്, അഡ്വ.എം.ഷാജഹാൻ, അഡ്വ. ഷിബി വി.സി, കെ.വി.പുരുഷൻ, അനീഷ് ഒ.എസ്, എന്നിവർ പ്രസംഗിച്ചു.