03 March, 2023 02:52:36 PM
ലൈഫ് മിഷൻ വിവാദം: സൂത്രധാരൻ മുഖ്യമന്ത്രി; രേഖകളുമായി അനില്‍ അക്കര
തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് മുൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്നാണ് അനിൽ അക്കരയുടെ ആരോപണം. വിവാദവുമായി ബന്ധപ്പെട്ട രേഖകള്‍ അനില്‍ അക്കര പുറത്തുവിട്ടു. മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേർന്നതിന്‍റെ റിപ്പോർട്ടാണ് അനിൽ അക്കര വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്.
ലൈഫ് മിഷൻ സിഇഒ യു വി ജോസ് മുൻ മന്ത്രി എ സി മൊയ്തീന്‍റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നൽകിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്. യോഗത്തിൽ കോൺസൽ ജനറലും റെഡ് ക്രസന്‍റ് പ്രതിനിധികളും പങ്കെടുത്തുവെന്നും വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചുവെന്നും അനില്‍ അക്കര ആരോപിച്ചു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്.
താന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ലഭിച്ച ഈ രേഖകള്‍ കേന്ദ്രഏജന്‍സികള്‍ക്ക് നല്‍കാന്‍ താന്‍ തയ്യാറല്ല എന്നും സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷിചേര്‍ന്ന് കോടതിയില്‍ ഹാജരാക്കുമെന്നും അനില്‍ അക്കര പറഞ്ഞു. എ.കെ.സുരേന്ദ്രനുമായി ബന്ധപ്പെട്ട കോഴക്കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി ഇവിടെ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതാണ് തന്‍റെ തീരുമാനത്തിന് കാരണമെന്നും കോടതി നിര്‍ദേശിച്ചാല്‍ മാത്രം താന്‍ അന്വേഷണഏജന്‍സികള്‍ക്കു മുമ്പാകെ മൊഴി രേഖപ്പെടുത്തുമെന്നും അനില്‍ അക്കര പറഞ്ഞു.